മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മകഥ പണിപ്പുരയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മകഥ പണിപ്പുരയിൽ. നടൻ മോഹൻലാലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പിണറായി വിജയൻ തന്റെ ജീവിതാനുഭവങ്ങൾ പുസ്തകമാകുന്നതിനെ കുറിച്ച് പ്രതികരിച്ചത്. എഴുത്തുകാരൻ ആകണമെന്ന് തോന്നിയിട്ടുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വിശദമായി എഴുതിയിട്ടില്ല. രാഷ്ട്രീയമായ കാര്യങ്ങൾ എഴുതിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾക്കിടയിൽ അത്തരം കാര്യങ്ങളെ കുറിച്ച് ഒരു ആലോചനയും ഉണ്ടായിട്ടില്ല. എന്നാൽ ചിലർ അതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഒന്നും പൂർണതയിൽ എത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു.

ഒഴിവുസമയം കിട്ടുകയാണെങ്കിൽ വായനയും ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യാറുള്ളത് എന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. മലയാള സിനിമകളിൽ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം ഗമയ ആണ്. ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ടെന്നും പിണറായി പറഞ്ഞു.

ആക്ഷൻ പടങ്ങൾ കാണാനാണ് ഏറെയിഷ്ടം. രജനികാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.ടോൾസ്റ്റോയിയുടെ അന്നാ കരേനിന മനസിനെ സ്വാധീനിച്ച കഥയാണ്. വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന കൃതി ജീവിതത്തെ തന്നെ രൂപപ്പെടുത്തുന്നതാണ്. മലയാളത്തിൽ തന്നെ സ്വാധീനിച്ച പുസ്തകങ്ങളിൽ ഒന്ന് തകഴിയുടെ കയർ ആണ. കാലഘട്ടത്തിന്റെ പുസ്തകമാണ് കയർ എന്നും പിണറായി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *