പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിക്കുന്നവർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിക്കുന്നവർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് നാടകങ്ങൾ കാണേണ്ട സാഹചര്യമാണിപ്പോൾ. കൺമുന്നിലെ നേട്ടം പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പുതിയ പാളയം മാർക്കറ്റ് ഉദ്‌ഘാടനം ചെയ്‌ത് വ്യാപാരികൾക്ക് താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപാട് നാടകങ്ങൾ കാണേണ്ട സാഹചര്യമാണുള്ളത്. പ്രതിഷേധക്കാരുടെ കൂടെ നിന്നവരിൽ ചിലർ ഇപ്പോഴില്ല. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിന് പിന്നിലെ ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കേണ്ടതല്ലേ? മത്സരം തിരഞ്ഞടുപ്പിൽ മാത്രമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തെ പിന്തുണയ്‌ക്കണം.

പ്രതിപക്ഷം ഉദ്‌ഘാടന പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയാണ്. കോൺഗ്രസ്, ലീഗ് അംഗങ്ങൾ ആരുമില്ല. സ്ഥലം എംപിയും പരിപാടിയിലില്ല. എല്ലാ കാര്യത്തെയും എതിർക്കുന്നതാണോ പ്രതിപക്ഷം? നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണം. കൺമുന്നിലെ നേട്ടങ്ങൾ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്.

പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. അത് ജനങ്ങൾ മനസിലാക്കുമെന്നും ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണ്’ – മുഖ്യമന്ത്രി പറഞ്ഞു.കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിനെതിരെയാണ് ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ മാർക്കറ്റ് മാറ്റുന്നതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രതിഷേധങ്ങൾക്കിടെയാണ് മുഖ്യമന്ത്രി പുതിയ മാർക്കറ്റ് കെട്ടിടം ഉദ്‌ഘാടനം ചെയ്‌തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *