സമൂസ, ജിലേബി, ലഡു എന്നിവക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട ചെറുപലഹാരങ്ങളായ സമൂസ, ജിലേബി, ലഡു എന്നിവക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തെരുവ് കച്ചവടക്കാർ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളെ ലക്ഷ്യമിട്ട് ഒരു നീക്കവും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്തെങ്കിലുമൊരു ഭക്ഷ്യവസ്തുവിനെ ലക്ഷ്യമിട്ടല്ല മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പൊതുവായ നിർദേശമാണ് നൽകിയതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഓഫീസുകളിലെ ലോബികൾ, കാന്റീൻ, കഫ്തീരിയ, മീറ്റിങ് റൂം എന്നിവിടങ്ങളിൽ മധുരവും കൊഴുപ്പ് നിറഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
മധുരവും കൊഴുപ്പ് നിറഞ്ഞ ഭക്ഷ്യവസ്തുക്കളുടെ ലേബലുകളിൽ മുന്നറിയിപ്പ് സന്ദേശം പ്രദർശിപ്പിക്കാൻ നിർദേശിച്ചിട്ടില്ല. എന്തെങ്കിലുമൊരു ഇന്ത്യൻ പലഹാരത്തെ ലക്ഷ്യമിട്ടുള്ള നീക്കമല്ല ഇത്. ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണസംസ്കാരത്തെ തങ്ങൾ തകർക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.