ശബരിമല സ്വർണക്കൊള്ളയിൽ നേരറിയാൻ സിബിഐ വേണം; ശുപാർശയുമായി ഐബി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിലെ യഥാർത്ഥ വസ്തുത പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി)യുടെ ശുപാർശ. സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിന് നൽകിയെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്തത്.

ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. അതിനാൽ സിബിഐ അന്വേഷണം വേണമെന്ന റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. കേസിന് അന്തർദേശീയവും അന്തർ സംസ്ഥാനവുമായി ബന്ധമുളളതിനാലാണ് സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്യുന്നത്.

ഇഡി അന്വേഷണം വേണമെന്നും ഐബി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണം വേണ്ടെന്നാണ് എസ്ഐടിയുടെയും നിലപാട്. അന്വേഷണം സമഗ്രമെന്നും കേസിൽ രാജ്യാന്തരബന്ധത്തിന് തെളിവില്ലെന്നുമുള്ള റിപ്പോർട്ട് ഹൈക്കോടതിൽ നൽകും.കേസിലെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐബി പ്രാഥമിക വിവരശേഖരണത്തിന് തയ്യാറായത്.

കേസിന്റെ വിവരങ്ങൾ കൈമാറണമെന്നുള്ള ഉത്തരവ് കേടതിയിലൂടെ ഇഡി സമ്പാദിച്ചിട്ടുണ്ട്. ഫയലുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി കേസ് രജിസ്റ്റർ ചെയ്യുക. കേസിൽ സംശയനിഴലിലുള്ള മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയടക്കം വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങൾ ഇതിനോടകം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.അതേസമയം, സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.

ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളിൽ സർവപൂജകളും നടത്തി പ്രതിഷ്ഠപോലെ പവിത്രമായി സ്ഥാപിച്ച താഴികക്കുടങ്ങൾ ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയതായി എസ്ഐടിക്ക് വിവരം ലഭിച്ചു. അ​റ്റകു​റ്റപ്പണി ചെയ്ത് മിനിസപ്പെടുത്താനെന്ന പേരിലാണിത്.ശ്രീകോവിലിനു മുകളിലെ മൂന്ന് താഴികക്കുടങ്ങൾ, കന്നിമൂലഗണപതി, നാഗരാജാവ് ഉപക്ഷേത്രങ്ങളുടെ താഴികക്കുടം, ശ്രീകോവിലിന്റെ വാതിൽ, വശങ്ങളിലെ ദ്വാരപാലക ശില്പങ്ങൾ എന്നിവയിലും മല്യയുടെ സ്വർണമാണ് പാളികളാക്കി പൊതിഞ്ഞിരുന്നത്. ശ്രീകോവിലിന്റെ മേൽക്കൂര, ഇരുവശത്തെയും ഭിത്തികൾ എന്നിവിടങ്ങളിൽ അയ്യപ്പചരിതം ആലേഖനം ചെയ്ത സ്വർണപ്പാളികളും മല്യ പൊതിഞ്ഞിരുന്നു.

ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങൾ അടക്കം ശ്രീത്വം തുളുമ്പുന്ന അമൂല്യമായ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വർണവും കടത്തിയെന്നാണ് സംശയിക്കുന്നത്. ശ്രീകോവിലിൽ കൂടുതൽ കൊള്ളനടന്നിട്ടുണ്ടോയെന്ന് എസ്.ഐ.ടി പരിശോധിക്കും.വ്യവസായി വിജയ് മല്യ 1998ൽ ശ്രീകോവിൽ സ്വർണം പൊതിയും മുൻപുതന്നെ പ്രഭാവലയമടങ്ങിയ പാളികൾ തങ്കം പൊതിഞ്ഞവയാണ്. നൂറുകിലോയോളം വരുന്ന പാളികളിലാണ് ശിവരൂപവും വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലം. ഇതിൽ എത്രത്തോളം തങ്കമുണ്ടായിരുന്നെന്നതിന് കണക്കില്ല. ഈ കണക്കുണ്ടായിരുന്ന തിരുവാഭരണം രജിസ്​റ്റർ നശിപ്പിക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *