തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നു; നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നതിന് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർത്ഥിയുമായ മൻസൂർ അലിഖാനെതിരെ പൊലീസ് കേസ്. ട്രാക്കിലേക്ക് അതിക്രമിച്ച് കടന്ന് തസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്.
ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കല്ലക്കുടി പഴങ്കനാഥം ക്ഷേത്രത്തിനടുത്തുള്ള ട്രാക്കിൽ മൻസൂർ അലിഖാൻ തലവച്ചുകിടന്നത്. പൊലീസെത്തിയാണ് ഇയാളെ ട്രാക്കിൽ നിന്ന് മാറ്റിയത്. തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ 1953ൽ മുൻമുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടിയിലെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്ന് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു.
കല്ലക്കുടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോൾ കരുണാനിധിയുടെ പ്രതിഷേധം മനസിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുവെന്നുമാണ് മൻസൂർ അലിഖാന്റെ വിശദീകരണം. ‘ഇന്ത്യ ജനനായക പുലികൾ കക്ഷി’യുടെ സ്ഥാനാർത്ഥിയായാണ് മൻസൂർ അലിഖാൻ മത്സരിക്കുന്നത്. അദ്ദേഹം തന്നെയാണ് പാർട്ടി രൂപീകരിച്ചതും. തിങ്കളാഴ്‌ച ലാൽഗുഡിയിൽ നാമനിർദേശപത്രിക സമർപ്പിച്ച മൻസൂർ അലിഖാൻ പ്രദേശത്തു താമസിച്ചാണ് പ്രചാരണം നടത്തുന്നത്.



