മൂന്നാര്‍ പഞ്ചായത്ത് നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയതായി പരാതി

ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയതായി പരാതി. ഇരുന്നൂറോളം തെരുവ്- വളര്‍ത്ത് നായകളെയാണ് പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് കുഴിച്ച് മൂടിയത്. ഇടുക്കി അനിമല്‍ റെസ്‌ക്യു ടീം നല്‍കിയ പരാതിയില്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ മൂന്നാര്‍ പൊലീസ് കേസ് എടുത്തു.

മൂന്നാറില്‍ തെരുവുനായ ശല്യം അതിരൂക്ഷമായിരുന്നു. നിരവധി തവണ കുട്ടികളെ ഉള്‍പ്പെടെ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ നായകളെ പിടികൂടി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനായി ആനിമല്‍ റസ്‌ക്യൂ ടീം എത്തിയപ്പോഴാണ് സാഹചര്യം തിരിച്ചറിയുന്നത്. ടൗണില്‍ എവിടെയും തെരുവ് നായ്ക്കളെ കാണാനില്ല. ഇതോടെ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടു. ഇതിനിടെയാണ് ഇരുന്നൂറോളം നായകളെ കൊന്നു കുഴിച്ചുമൂടി എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതെന്ന് ആനിമല്‍ റെസ്‌ക്യൂ ടീം പറയുന്നു.

അതിനിടെ നായകളെ പഞ്ചായത്തിന്റെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് കൃത്യം നടത്തിയിരിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. പഞ്ചായത്ത് അധികൃതരെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പരാതി നിഷേധിച്ച് പഞ്ചായത്ത് അധികൃത രംഗത്തെത്തി. പൊലീസ് അന്വേഷിക്കട്ടെ എന്നാണ് പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *