യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25% നികുതി; തിരിച്ചടിച്ച് കാനഡ

0

ഒട്ടാവ: യുഎസിന്‍റെ ഇറക്കുമതി തീരുവക്ക് മറുപടിയുമായി കാനഡ. ഇനി മുതൽ യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഈടാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. കാനഡ-യുഎസ്-മെക്സിക്കോ കരാർ (സിയുഎസ്എംഎ) പാലിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
”രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനം മുതൽ കാനഡ ആശ്രയിച്ചിരുന്ന അമേരിക്കയുമായുള്ള വ്യാപാര ബന്ധം ഇവിടെ അവസാനിച്ചു. 80 വർഷത്തോളം ആഗോള സാമ്പത്തിക ശക്തിയായിരുന്ന യുഎസിന്‍റെ നേതൃപദവിയും ഇതോടെ അവസാനിക്കുകയാണ്” കാർണി വ്യക്തമാക്കി.സ്വന്തം രാജ്യത്തെ ജനങ്ങളെ ബാധിക്കുമെന്നത് കൊണ്ട് തന്നെ അമേരിക്ക തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകണമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ അനാവശ്യമായൊരു പ്രതീക്ഷ നൽകാൻ ഞാൻ തയാറല്ല. കഴിഞ്ഞ ദിവസം ട്രംപ് ഭരണകുടം ഏർപ്പെടുത്തിയ അധിക തീരുവ ആഗോള സാമ്പത്തിക രംഗത്തെ സാരമായി ബാധിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പകരം ചുങ്കം ഏർപ്പെടുത്തിക്കൊണ്ടുള്ള യുഎസിന്‍റെ നീക്കം കാനഡയെ സാരമായി ബാധിക്കില്ല. യുഎസ്-കാനഡ-മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാർ പാലിക്കുന്ന ഉൽപ്പന്നങ്ങൾക്ക് യുഎസ് ഇളവ് നൽകാനും തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ മിക്ക കനേഡിയൻ ഉത്പന്നങ്ങൾക്കും അധിക തീരുവ യുഎസിൽ നിന്ന് ഉണ്ടാകില്ല. എന്നാൽ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ കാനഡയുടെ സ്റ്റീൽ, അലുമിനിയം , വാഹനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഉൽപന്നങ്ങൾക്ക് യുഎസ് തീരുവ ചുമത്തുന്നുണ്ട്

കഴിഞ്ഞ ദിവസമാണ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം തീരുവ പ്രഖ്യാപിച്ചത്. കൂടാതെയാണ് ഇന്ത്യക്ക് 26 ശതമാനവും ചൈനക്ക് 34 ശതമാനവും അടക്കം വിവിധ രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയത്. ഡിസ്കൗണ്ട് തീരുവ എന്നു പറഞ്ഞായിരുന്നു ഇന്ത്യക്കു മേലുളള നികുതി പ്രഖ്യാപിച്ചത്. അതേസമയം തീരുമാനം ആഗോളവ്യാപാര യുദ്ധത്തിന് കൂടുതൽ ആക്കം കൂട്ടുന്നതാണ്. ഇന്ത്യയടക്കം ആശങ്കയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here