ന്യൂസീലൻഡ് ഏകദിന പരമ്പരയിൽ ബുംറയും ഹാർദിക്കും കളിക്കില്ല; കാരണം ഇതാണ്

മുംബയ്: ന്യൂസീലൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചന. 2026ലെ ട്വന്റി-20 ലോകകപ്പ് മുന്നിൽക്കണ്ടാണ് സെലക്ടർമാരുടെ ഈ നീക്കം.

ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം നൽകുമെങ്കിലും കിവീസിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിൽ ഇരുവരും കളിച്ചേക്കും. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന ട്വന്റി-20 പരമ്പരയായത് കൊണ്ട് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകാൻ മുതിർന്ന താരങ്ങളുടെ സാന്നിദ്ധ്യം ആവശ്യമാണെന്നാണ് ബിസിസിഐ വിലയിരുത്തൽ. 2023 ഏകദിന ലോകകപ്പിന് ശേഷം ബുംറയും, ഈ വർഷം മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഹാർദിക്കും ഏകദിന മത്സരങ്ങളിൽ കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം, പരിക്കിനെത്തുടർന്ന് വിട്ടുനിന്ന ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്താനുള്ള സാദ്ധ്യതകൾ തെളിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ അയ്യർ നിലവിൽ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ താരം നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.ജനുവരി മൂന്ന്, ആറ് തീയതികളിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ മുംബയ്ക്കായി ശ്രേയസ് കളിച്ചേക്കും.

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും താരത്തെ ന്യൂസീലൻഡിനെതിരെയുള്ള ഏകദിന ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം സെലക്ടർമാർ അന്തിമമായി തീരുമാനിക്കുക. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ജനുവരി ആദ്യവാരം ടീമിനെ പ്രഖ്യാപിക്കും. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ ഏകദിനം ജനുവരി 11ന് വഡോദരയിലാണ് നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *