അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ

0

ലണ്ടൻ:അഹമ്മദാബാദ് വിമാനാപകടത്തിൽ നടുക്കവും ദുഖവും രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. സംഭവത്തെ ‘വിനാശകരം’ എന്നാണ് സ്റ്റാർമർ വിശേഷിപ്പിച്ചത്. നിരവധി ബ്രിട്ടീഷ് പൗരന്മാർ അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനാപകടത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണെന്നും, അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബത്തിനൊപ്പമാണ് ബ്രിട്ടൻ നിലകൊള്ളുന്നതെന്നും സ്റ്റാർമർ പറഞ്ഞു.

അതേസമയം ദാരുണമായ അപകടത്തിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ‘അഗാധമായ ദുഃഖം’ രേഖപ്പെടുത്തി. “അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തെക്കുറിച്ചുള്ള വാർത്തയിൽ ഞാൻ അഗാധമായി ദുഃഖിതനാണ്. അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകും. സംഭവത്തെക്കുറിച്ച് ഇന്ത്യയിലെ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.”- ഡേവിഡ് ലാമി പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 1.38ഓടെയാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം അപകടം ഉണ്ടായത്. പറന്നുയർന്ന ഉടൻ അഹമ്മദാബാദ്-ലണ്ടൻ എയർഇന്ത്യ വിമാനം ഒരു ജനവാസ മേഖലയിൽ ഇടിച്ചുകയറുന്നതും തുടർന്ന് ഒരു വലിയ തീഗോളവും ഉണ്ടായതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമായിരുന്നു. അപകടത്തിൽ ഇതിനോടകം 130ൽ ഏറെ പേർ കൊല്ലപ്പെട്ടതായാണ് വിവരം. വിമാനത്തിൽ ജീവനക്കാർ ഉൾപ്പടെ 242 പേർ ഉണ്ടായിരുന്നു. ഇതിൽ169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷുകാരുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here