കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്

കൊച്ചി: സൂരജ് ലാമയുടെ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കളമശ്ശേരി എച്ച്എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഡിഎന്‍എ പരിശോധനാ ഫലം സ്ഥിരീകരിച്ചു. ഈ വിവരം പൊലീസ് ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ നവംബര്‍ 30നാണ് എച്ച്എംടി കമ്പനിയുടെ മുന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഏകദേശം രണ്ട് മാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം. ഇതിന് പിന്നാലെ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് മരിച്ചത് സൂരജ് ലാമയാണെന്ന് വ്യക്തമായത്.

സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സിഐഎസ്എഫിനെയും കേരള പൊലീസിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. സൂരജ് ലാമയെ കൊല്ലാന്‍ വിട്ടുവെന്ന തരത്തിലുള്ള പരാമര്‍ശങ്ങളും, കാണാതായത് ഒരു പ്രമുഖനായിരുന്നെങ്കില്‍ ഇത്തരത്തിലായിരുന്നോ നടപടികളെന്ന് ചോദിച്ചുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ഓര്‍മശക്തി നഷ്ടപ്പെട്ട നിലയില്‍ ഒക്ടോബര്‍ ആറിനാണ് സൂരജ് ലാമ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. അതിന് ശേഷം ലാമയെ കാണാതാകുകയായിരുന്നു. ഒക്ടോബര്‍ 10ന് രാത്രിയോടെ എന്‍ഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നുപോകുന്ന ലാമയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. ലാമ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.

മംഗലാപുരം സ്വദേശിയായ സൂരജ് ലാമ കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഓര്‍മനഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കാതെയാണ് ലാമയെ കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് അയച്ചത്. ഇതിനെ തുടര്‍ന്ന് പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന്‍ സാന്റന്‍ ലാമ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *