‘ബിജെപിയുടെ ലക്ഷ്യം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണശേഖരം’; തെളിവുനിരത്തി കോൺഗ്രസും ശിവസേനയും

0

മുംബയ്: വഖഫ് ബില്ലിനുശേഷം ക്രിസ്‌ത്യാനികളുടെയും ജൈനമതക്കാരുടെയും ബുദ്ധമതക്കാരുടെയും മണ്ണിലാണ് ബിജെപിയുടെ കണ്ണെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. പാർട്ടിയുടെ സുഹൃത്തുക്കൾക്കുവേണ്ടി ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ പോലും ബിജെപി കണ്ണുവയ്ക്കുന്നുവെന്നും താക്കറെ ആരോപിച്ചു.

ബിജെപി ശരിക്കും രാമഭഗവാനെ ആരാധിക്കുന്നുവെങ്കിൽ അദ്ദേഹത്തെപ്പോലെ പെരുമാറാനും ശ്രമിക്കണം. വഖഫ് നിയമം കൊണ്ടുവന്നതിനുശേഷം അവരിപ്പോൾ കണ്ണുവയ്ക്കുന്നത് ക്രിസ്‌ത്യാനികൾ, ജൈനമതക്കാർ, ബുദ്ധമതക്കാർ എന്നിവരുടെ മണ്ണിലും എന്തിനേറെ പറയുന്നു ഹിന്ദു ക്ഷേത്രങ്ങളിലുമാണ്. അവർ തങ്ങളുടെ സുഹൃത്തുക്കൾക്ക് പ്രധാന സ്ഥലങ്ങൾ നൽകും. അവർക്ക് ഒരു സമുദായത്തിനോടും സ്‌നേഹമില്ല. ജനങ്ങൾ ഉണർന്നെഴുന്നേൽക്കേണ്ട സമയമായിരിക്കുന്നു. ബിജെപി അവരുടെ ഉദ്ദേശങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു’- താക്കറെ പറഞ്ഞു.

പാ‌ർട്ടിയുടെ ഐടി, കമ്മ്യൂണിക്കേഷൻ വിഭാഗമായ ശിവസഞ്ചാർ സേനയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിനിടെ, ഭൂമി പിടിച്ചെടുക്കാൻ ബിജെപി വഖഫ് നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷ്‌വർദ്ധൻ സപ്‌കാൽ ആരോപിച്ചു. ‘ബ്രിട്ടീഷുകാർ ഡൽഹിയിൽ തലസ്ഥാനം സ്ഥാപിക്കാൻ തീരുമാനിക്കുകയും ഭൂമി ഏറ്റെടുക്കൽ നടത്തുകയും ചെയ്തപ്പോൾ, ആരാധനാലയങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യമുയർന്നു. തുടർന്നാണ് 1913ലെ പുനരധിവാസ നിയമപ്രകാരം ക്ഷേത്രങ്ങൾക്കും പള്ളികൾക്കും ഗുരുദ്വാരകൾക്കും പ്രത്യേക അവകാശങ്ങൾ നൽകിക്കൊണ്ട് മതപരമായ സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വഖഫ് ബോർഡ് സൃഷ്ടിച്ചത്.

ഭൂമി പിടിച്ചെടുക്കുന്നതിനായി ബിജെപി ഇപ്പോൾ വഖഫ് ബിൽ ദുരുപയോഗം ചെയ്യുകയാണ്. എന്നാൽ അവരുടെ യഥാർത്ഥ ലക്ഷ്യം കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വൻ സ്വർണ ശേഖരമാണ്’- ഹർഷ്‌വർദ്ധൻ സപ്‌കാൽ ആരോപിച്ചു.മുസ്ളീങ്ങൾക്കുശേഷം ബിജെപിയുടെ അടുത്ത ലക്ഷ്യം ക്രിസ്‌ത്യാനികളാണെന്ന് എൻസിപി (ശരദ് പവാർ പക്ഷം) നേതാവ് ജിതേന്ദ്ര അവാദ് ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമസ്ഥർ വഖഫ് ബോർഡല്ല, മറിച്ച് ഇന്ത്യയിലെ കത്തോലിക്കാ സഭയാണെന്ന് രാഷ്ട്രീയ ആർ‌എസ്‌എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ ഒരു ലേഖനം പറയുന്നതായാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here