വന്ദേഭാരതിൽ ജ്യോതി മൽഹോത്രയ്‌ക്കൊപ്പം യാത്ര ചെയ്‌ത്‌ വി മുരളീധരനും; വെട്ടിലായി ബിജെപി

ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരതത്തിന്റെ കേരളത്തിലെ ആദ്യ യാത്രയിൽ ബിജെപി നേതാക്കളും. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്.

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ. വി മുരളീധരൻ വന്ദേഭാരതിനെ കുറിച്ച് ജ്യോതി മൽഹോത്രയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

സംസ്ഥാന ടൂറിസം വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ കേരള യാത്രയെ ബിജെപി വിമർശിച്ചിരുന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള ക്യാമ്പയിനായി വിഷയം ഉയർത്തുന്നതിനിടയിലാണ് ബിജെപിയെ വെട്ടിലാക്കി കൊണ്ടുള്ള ജ്യോതി മൽഹോത്രയുടെ പുതിയ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.

അതേസമയം, ജ്യോതി മൽഹോത്രയുടെ കേരള സന്ദർശന വിവാദം ടൂറിസം മേഖലയെ ബാധിക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സന്ദർശനത്തെ ദേശീയ മാധ്യമങ്ങൾ വലിയ വാർത്തയായി നൽകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

ഇതിനിടെ സംസ്ഥാന ടൂറിസം വകുപ്പിന് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തി. വ്ളോഗർ എന്ന നിലയിലാണ് ജ്യോതി കേരളത്തിൽ എത്തിയത്. അതിൽ ടൂറിസം വകുപ്പിനെയും ടൂറിസം മന്ത്രിയെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. പാകിസ്താനിലേക്കുള്ള യാത്രയ്ക്കിടെ വാഗ ബോർഡർ കടക്കുമ്പോൾ ഹരിയാന ബിജെപിയുടെ ആളാണ് താൻ എന്ന് ജ്യോതി പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *