‘ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ്, 30 സീറ്റ് ഉറപ്പ്’; ക്രൈസ്തവരുടെ വോട്ടും ലഭിക്കുമെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: കേരളത്തിൽ ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണെന്ന് പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആന്റണി. 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് പറഞ്ഞത് കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ഇടത് വലത് മുന്നണികൾ കേരളത്തിൽ കപട മത്സരമാണ് നടത്തുന്നത്. ക്രൈസ്തവ വിഭാഗത്തിന്റെ വോട്ടും ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു.
‘തിരുവനന്തപുരം മുതൽ കാസർകോട് വരെ എൽഡിഎഫും യുഡിഎഫും വിവാദങ്ങളെക്കുറിച്ചും വിസ്മയത്തെക്കുറിച്ചും സംസാരിക്കുമ്പോൾ വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് ബിജെപി മാത്രമാണ്. കേരളത്തിൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ്.
2006ൽ വെറും അഞ്ച് ശതമാനം മാത്രം വോട്ട് ഷെയർ ഉണ്ടായിരുന്ന പാർട്ടി, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനത്തോളം വോട്ട് ബിജെപി നേടി. ആദ്യമായൊരു എംപിയെയും ലഭിച്ചു. ക്രൈസ്തവരും മറ്റ് സമുദായങ്ങളും ബിജെപിക്ക് വോട്ട് ചെയ്യും. ഇത്തവണ മത്സരിക്കാത്തത് സ്വന്തം തീരുമാനമല്ല. ഇതെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത്’- അനിൽ ആന്റണി പറഞ്ഞു.



