“ബിജെപി വോട്ട് വാങ്ങുന്നത് പണവും സാരിയും നൽകി” തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് വി.ഡി. സതീശൻ

ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ പണവും സാരിയും കിറ്റുകളും വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സംസ്ഥാനത്തുടനീളം കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും കേരളത്തിന് പരിചിതമല്ലാത്ത ഇത്തരം മോശം പ്രവണതകൾക്ക് ബിജെപിയാണ് തുടക്കമിട്ടതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പരസ്യമായി പണം വിതരണം ചെയ്യുന്നത് ഹീനമായ രാഷ്ട്രീയമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സതീശൻ വ്യക്തമാക്കി.
സിപിഐഎമ്മിനെതിരെയും വി.ഡി. സതീശൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കൊലക്കേസ് ആരോപിച്ച് വ്യാജ ലഘുലേഖ ഇറക്കിയത് സിപഐഎമ്മിന്റെ തരംതാണ പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പറവൂരിൽ തനിക്കെതിരെ കൈപ്പമംഗലത്തെ കമ്മിറ്റിയുടെ പേരിൽ വ്യാജ നോട്ടീസ് വിതരണം ചെയ്യുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ജാഗ്രത പാലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സർവീസ് വോട്ടുകൾ ചെയ്യുന്നതിൽ വരുത്തിയ കാലതാമസം തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമാണെന്നും കമ്മീഷന്റെ പ്രവർത്തനങ്ങൾ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് എം.വി. നികേഷ് കുമാർ ഉന്നയിച്ച ചോദ്യങ്ങളോടും വി.ഡി. സതീശൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. തന്നോട് ചോദ്യം ചോദിക്കാൻ നികേഷ് കുമാർ ആരാണെന്ന് ചോദിച്ച അദ്ദേഹം, എകെജി സെന്ററിലെ പ്യൂണിനോടോ അറ്റൻഡർമാരോടോ ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ മതിയെന്ന് പരിഹസിച്ചു. രാഷ്ട്രീയ ലാഭത്തിനായി ഉയർത്തുന്ന അനാവശ്യ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തനിക്ക് ബാധ്യതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സതീശൻ തന്റെ നിലപാട് അറിയിച്ചത്.



