തെരുവുനായയെ ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച 70കാരന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: തെരുവുനായയിൽനിന്ന് രക്ഷപ്പെടാനായി ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച 70കാരന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളി. ചെമ്മരുതി സ്വദേശി ബാബുരാജിന്റെ ജാമ്യാപേക്ഷയാണ് പോക്‌സോ കോടതി ജഡ്ജി എം.പി ഷിബു നിരസിച്ചത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ആറു വയസുകാരിയെ തെരുവുനായ ആക്രമിച്ചപ്പോൾ കുട്ടി ഓടി രക്ഷപ്പെടുന്നതിനിടയിൽ അടുത്തുണ്ടായിരുന്ന പ്രതി രക്ഷിക്കാനെന്ന വ്യാജേന കുട്ടിയെ പിടിച്ചുനിർത്തി ഉപദ്രവിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് ശേഷം കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രതിക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ മുറിവ് കണ്ടെത്തി. പ്രതി 30 ദിവസമായി ജയിലിലാണ്.

തെരുവുനായ ഓടിക്കുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന കുട്ടിയോട് ഇത്തരത്തിൽ നീചമായി പ്രവർത്തിച്ച വ്യക്തി ഒരു ദയയും അർഹിക്കുന്നില്ലെന്നും അക്രമകാരിയായ തെരുവുനായയെക്കാളും അപകടകാരിയാണ് പ്രതിയെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ അജിത്പ്രസാദ് ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *