പത്താം വാർഷിക ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് ബാഹുബലി ടീം

ഭാഷാന്തരങ്ങള്‍ ഭേദിച്ച് ബോക്‌സ് ഓഫീസില്‍ ചരിത്രം തീര്‍ത്ത സിനിമയായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍. 2015ലാണ് ബാഹുബലി: ദി ബിഗിനിങ് ഇറങ്ങിയത്. 2017 ൽ ബാഹുബലി: ദി കൺക്ലൂഷനും. രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലോകമെമ്പാടുമായി 2,460 കോടിയിലധികം രൂപയാണ് രണ്ട് സിനിമകളും നേടിയത്. ഇന്നിപ്പോഴിതാ ബാഹുബലി അതിന്‍റെ 10 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.
ബാഹുബലിയുടെ അണിയറപ്രവർത്തകരെല്ലാം ചേർന്ന് പത്താം വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജമൗലി, പ്രഭാസ്, റാണ ദഗുബാട്ടി, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ തുടങ്ങി സിനിമയുടെ മുൻനിരയിലും പിൻനിരയിലും പ്രവർത്തിച്ച എല്ലാ ആളുകളും ആഘോഷത്തിൽ പങ്കെടുത്തു. എന്നാൽ സിനിമയിലെ പ്രധാന നായികമാരായ തമന്ന, അനുഷ്ക ഷെട്ടി എന്നിവർ ആഘോഷത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. രാജമൗലിയുടെ വസതിയിലായിരുന്നു ആഘോഷം.