രഞ്ജിയില്‍ കേരളത്തിന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി അസറുദ്ദീന്‍, പിന്നാലെ സല്‍മാന്‍ നിസാര്‍!

1

നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദ് അസറുദ്ദീന്‍. 10 മത്സരങ്ങളില്‍ നിന്നായി (12 ഇന്നിംഗ്‌സ്) 635 റണ്‍സാണ് അസുറീന്‍ അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ഗുജറാത്തിനെതിരെ പുറത്താവാതെ നേടിയ 177 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് സല്‍മാന്‍ നിസാറാണ്. ഒമ്പത് മത്സരങ്ങളില്‍ (12 ഇന്നിംഗ്‌സ്) നിന്ന് 628 റണ്‍സാണ് സല്‍മാന്‍ അടിച്ചെടുത്തത്. 150 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും അടങ്ങുന്നതാണ് സല്‍മാന്റെ ഈ സീസണ്‍.

സച്ചിന്‍ ബേബി മൂന്നാം സ്ഥാനത്ത്. 15 ഇന്നിംഗിസില്‍ നിന്ന് സച്ചിന്‍ അടിച്ചെടുത്തത് 516 റണ്‍സ്. സെഞ്ചുറികളൊന്നും താരം നേടിയിട്ടില്ല. 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് അര്‍ധ സെഞ്ചുറികളും സച്ചിന്‍ നേടി. മൊത്തം പട്ടിക നോക്കുമ്പോള്‍ ആദ്യ പത്തില്‍ കേരള താരങ്ങള്‍ ആരുമില്ല. അസറുദ്ദീന്‍ 14-ാം സ്ഥാനത്തും സല്‍മാന്‍ 16-ാമനുമാണ്. സച്ചിന്‍ ബേബി 31-ാം സ്ഥാനത്ത്. വിദര്‍ഭയുടെ മൂന്ന് താരങ്ങള്‍ ആദ്യ അഞ്ചില്‍ തന്നെയുണ്ട്. യഷ് റാത്തോഡാണ് പട്ടിക നയിക്കുന്നത്. 960 റണ്‍സുമായിട്ടാണ് റാത്തോഡ് ഒന്നാമതെത്തിയത്. മധ്യനിര താരമായ റാത്തോഡ് അഞ്ച് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും നേടി.

കരുണ്‍ നായര്‍ (863), ഡാനിഷ് മാലേവര്‍ (783) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. മധ്യ പ്രദേശിന്റെ ശുഭം ശര്‍മ (943), ഹൈദരാബാദിന്റെ തന്‍മയ് അഗര്‍വാള്‍ (934) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. വിദര്‍ഭ ക്യാപ്റ്റന്‍ അക്ഷയ് വഡ്കര്‍ (722) മൂന്നാം ഏഴാം സ്ഥാനത്തുണ്ട്. അതേസമയം, വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ കേരളത്തിന്റെ അതിഥി താരം ജലജ് സക്‌സേന നാലാമതുണ്ട്. 16 ഇന്നിംഗ്‌സില്‍ നിന്ന് 40 വിക്കറ്റുകളാണ് കേരള സ്പിന്നര്‍ വീഴ്ത്തിയത്. മൂന്ന് തവണ അഞ്ച് വിക്കറ്റുകള്‍ ജലജ് സ്വന്തമാക്കി. നാല് തവണ മൂന്ന് വിക്കറ്റ് നേട്ടവും. 41ന് ആറ് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം. കേരളത്തിന്റെ തന്നെ ആദിത്യ സര്‍വാതെ 12-ാമത്. ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് 34 വിക്കറ്റാണ് സര്‍വാതെ നേടിയത്. ഒരു തവണ അഞ്ച് വിക്കറ്റ് നേടി. 62 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

വിക്കറ്റ് നേട്ടക്കാരുടെ പട്ടിക നയിക്കുന്നത് വിദര്‍ഭയുടെ ഹര്‍ഷ് ദുബെയാണ്. 19 ഇന്നിംഗ്‌സില്‍ നിന്ന് 69 വിക്കറ്റാണ് ഹര്‍ഷ് വീഴ്ത്തിയത്. ഏഴ് തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ നാല് വിക്കറ്റ് നേട്ടവും ആഘോഷിച്ചു. 36ന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here