ഒഡിഷയില്‍ വൈദികര്‍ക്കെതിരായ ആക്രമണം; വര്‍ഗീയ വേട്ടയാടലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒഡിഷയിലെ ജലേശ്വറില്‍ മലയാളി പുരോഹിതര്‍ക്കു നേരേ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച വൈകീട്ടാണ് ജലേശ്വര്‍ ഇടവകയ്ക്കുകീഴിലുള്ള ഗംഗാധര്‍ ഗ്രാമത്തില്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളികളായ രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ഇത്തരം ആക്രമണങ്ങള്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി എക്‌സില്‍ എഴുതിയ പോസ്റ്റില്‍ പറയുന്നു. ഭരണകൂടത്തിന്റെ ശിക്ഷാ ഇളവ് മൂലം സാധ്യമായ അത്തരം ഹിന്ദുത്വ ഭീകരതയെ മതേതര, ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഒഡീഷയിലെ ജലേശ്വറില്‍ കേരളീയ കത്തോലിക്കാ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജാരോപണം ഉന്നയിച്ച് സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍, രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണ്, ആഴ്ചകള്‍ക്ക് മുമ്പ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. ഭരണകൂടത്തിന്റെ ശിക്ഷാ ഇളവ് മൂലം സാധ്യമായ അത്തരം ഹിന്ദുത്വ ഭീകരതയെ മതേതര, ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി ചെറുക്കണം.’

ജലേശ്വറിലെ സെയ്ന്റ് തോമസ് ഇടവക വികാരി കോട്ടയം കുറവിലങ്ങാട് സ്വദേശി ഫാ. ലിജോ ജോര്‍ജ് നിരപ്പേല്‍, തൃശ്ശൂര്‍ സ്വദേശി ബാലസോര്‍ രൂപതയുടെ ജോഡ ഇടവകയിലെ ഫാ. വി. ജോജോ, ആലപ്പുഴ സന്ന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ മോളി, സിസ്റ്റര്‍ എലേസ എന്നിവരെയാണ് മര്‍ദിച്ചത്. വൈദികരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കൈയേറ്റം. മൊബൈല്‍ഫോണുകളും തട്ടിയെടുത്തു. അരമണിക്കൂറിനുശേഷം പോലീസെത്തിയാണ് രക്ഷിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *