ശബരിമല സ്വർണക്കൊള്ള വിഷയത്തിലെ ബഹളത്തെ തുടർന്ന് നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിലെ ബഹളത്തെ തുടർന്ന് നിയമസഭ പിരിഞ്ഞു. ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉൾപ്പടെ ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പാരഡി പാട്ടുകൾ പാടിയും ഇരുപക്ഷവും പ്രതിഷേധിച്ചു. ‘പോറ്റിയെ കേറ്റിയേ’ എന്ന പാട്ട് പ്രതിപക്ഷം സഭയിൽ പാടി. സ്പീക്കറുടെ ഇരിപ്പിടം മറച്ച് ബാനർ പിടിച്ചാണ് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്.

പിന്നാലെ ഭരണപക്ഷവും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ എത്തി. ‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ’ എന്ന് പാടിയാണ് ഭരണപക്ഷം എത്തിയത്. മന്ത്രി വി ശിവൻകുട്ടി മെെക്കിലൂടെ പാട്ട് പാടി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ഭരണപക്ഷം ആരോപിച്ചു. സോണിയാ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ടെന്നും അറസ്റ്ര് ചെയ്ത് ചോദ്യം ചെയ്യണമെന്നും ശിവൻകുട്ടി പറഞ്ഞു.

സഭാ ചട്ടങ്ങൾ പാലിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെ പ്രതിപക്ഷം ബഹളം വയ്ക്കുന്ന്ത് ഭീരുത്വമാണെന്ന് പാലർമെന്ററികാര്യ മന്ത്രി എംബി രാജേഷ് പറഞ്ഞു.2024 – 25 കാലയളവിൽ ശബരിമലയിൽ ഗുരുതരമായ ക്രമക്കേടുകൾ ഹെെക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുന്നത് അവസാനിപ്പിക്കണമെന്നും സതീശൻ വ്യക്തമാക്കി.

പ്രതിപക്ഷത്തിന് സഭ ചേരുന്നതിൽ താൽപര്യമില്ലെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാളെ സഭ ചേരുന്നത് ഒഴിവാക്കി ചൊവ്വാഴ്ചയാക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചത്. പിന്നാലെ ഇരുപക്ഷവും മുദ്രാവാക്യം വിളികളുമായി സഭയ്ക്ക് പുറത്തിറങ്ങി പ്രതിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *