ഭാര്യയ്ക്ക് വേണ്ടി സീറ്റ് ചോദിക്കുന്നതും പാർലമെന്ററി വ്യാമോഹമാണ്; എം.വി. ഗോവിന്ദനെതിരെ ടി.കെ. ഗോവിന്ദൻ

കണ്ണൂർ: തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന മുഖ്യമന്ത്രിയുടെയും മറ്റ് ഇടത് നേതാക്കളുടെയും ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം വിട്ട ടി.കെ. ഗോവിന്ദൻ. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ പങ്കാളി പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. തന്റെ പേര് കമ്മിറ്റികളിൽ വരാതിരുന്നത് തളിപ്പറമ്പിൽ വനിതാ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതുകൊണ്ടാണെന്നും, എന്നാൽ സ്വന്തം ഭാര്യയ്ക്ക് വേണ്ടി സീറ്റ് ചോദിക്കുന്നതും പാർലമെന്ററി വ്യാമോഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പരിഹസിച്ചു.

കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ടി.കെ. ഗോവിന്ദൻ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ പേര് മാത്രമാണ് നിർദ്ദേശിക്കപ്പെട്ടതെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ പാർട്ടി നേതാക്കൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയിലുണ്ടായ അപചയങ്ങൾക്കെതിരെ പോരാടാനാണ് താൻ ശ്രമിച്ചതെന്നും, ഒന്നുകിൽ അനീതിക്ക് വഴങ്ങുക അല്ലെങ്കിൽ പുറത്തുപോകുക എന്ന അവസ്ഥ വന്നപ്പോഴാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എം.വി. ജയരാജൻ പദപ്രയോഗങ്ങളിൽ ബിരുദമെടുത്തയാളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടിക്കുള്ളിലെ ഈ പ്രവണതകളെ ചെറുത്തില്ലെങ്കിൽ തളിപ്പറമ്പിലെ സിപിഐഎം ഇല്ലാതാകുമെന്ന് ടി.കെ. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, വാർത്താസമ്മേളനത്തിന് പിന്നാലെ ടി കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *