ആരോപണ വിധേയരല്ലാത്ത ശക്തരായ ആളുകൾ അമ്മയുടെ തലപ്പത്തേക്ക് വരണം; ആസിഫ് അലി

ആരോപണ വിധേയരല്ലാത്ത ശക്തരായ ആളുകൾ അമ്മയുടെ തലപ്പത്തേക്ക് വരണമെന്ന് നടൻ ആസിഫ് അലി. സംഘടനയെ ഒന്നാകെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന മികച്ചവരെയാണ് ആവശ്യം.അമ്മ തിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ താത്പര്യമില്ല. വലിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കാൻ ചെറിയ ആളായ തനിക്ക് കഴിയില്ലെന്നും ആസിഫലി പറഞ്ഞു.
അതേസമയം അഭിനേതാക്കളുടെ സംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് പോർക്കളം ചൂടുപിടിക്കുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ പൂർത്തിയായി. സൂക്ഷ്മപരിശോധന പൂർത്തിയാക്കി സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് ഏകദേശം രൂപമാകും.
ഭാരവാഹികൾക്കും അംഗങ്ങൾക്കും എതിരെ തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ കമ്മിറ്റിയും സംഘടനയും ആകെ പ്രതിസന്ധിയിലായി. താരങ്ങൾക്ക് നേരെയും സംഘടനയ്ക്ക് നേരെയും പലഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയർന്നു.
മോഹൻലാലിന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോയെങ്കിലും സംഘടനാ പൊതുസമൂഹത്തിൽ നാമമാത്രമായി. ബാബുരാജിനെ താത്ക്കാലിക ജനറൽ സെക്രട്ടറിയാക്കി പ്രവർത്തനങ്ങൾ ഏകോപിച്ചെങ്കിലും ബാബുരാജിന് എതിരെയുള്ള അതൃപ്തി സംഘടനയിലാകെ പടർന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന ജയൻ ചേർത്തല, അൻസിബ ഹസൻ എന്നിവർക്കെതിരെയും ഒരു വിഭാഗം രംഗത്തുണ്ട്.
കഴിഞ്ഞമാസം നടന്ന ജനറൽബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലേക്ക് എത്തിയത്. 31 വർഷത്തെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കാതെ ഭരണസമിതി രാജിവെച്ച് തിരഞ്ഞെടുപ്പ് വേണ്ടി വരുന്നത് ഇതാദ്യമായാണ്. പത്രിക സമർപ്പിക്കാനുള്ള കാലാവധി ഒരാഴ്ച പൂർത്തിയാകുമ്പോൾ വലുപ്പച്ചെറുപ്പം ഇല്ലാതെ നിരവധി താരങ്ങളാണ് രംഗത്തുള്ളത്. ജഗദീഷ്, കുഞ്ചാക്കോ ബോബൻ, വിജയരാഘവൻ, നവ്യ നായർ, ശ്വേതാ മേനോൻ, ജയൻ ചേർത്തല, ബാബുരാജ്, അൻസിബ, അഞ്ജലി, ലക്ഷ്മി പ്രിയ, ഡിസ്കോ രവീന്ദ്രൻ, ജോയ് മാത്യു അങ്ങനെ തുടരുന്നു മത്സരരംഗത്തുളളവരുടെ എണ്ണം.