ബാബര്‍ അസമിന്റെ ‘മുട്ടിക്കളി’യെ പരിഹസിച്ച് അശ്വിന്‍

0

ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയം വഴങ്ങിയതിന് പിന്നാലെ പാകിസ്താന്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസമിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് പാക് പട പരാജയം വഴങ്ങിയത്. 321 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റേന്തിയ പാകിസ്താന്‍ 47.2 ഓവറില്‍ 260 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ബാബറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. 90 പന്തുകള്‍ നേരിട്ട് 64 റണ്‍സെടുത്താണ് ബാബര്‍ പുറത്തായത്. സൗദ് ഷക്കീലിനൊപ്പം ഓപണറായി ഇറങ്ങിയ ബാബര്‍ ആറാമനായാണ് പുറത്തായത്. അപ്പോഴും ടീമിന് വേണ്ട വിജയലക്ഷ്യത്തിന്റെ പകുതിപോലും ആയിരുന്നില്ല. ഇതിനുപിന്നാലെയാണ് സ്ലോ ബാറ്റ് ചെയ്ത ബാബറിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

സല്‍മാന്‍ അലി ആഖയുമായി ചേര്‍ന്ന് 58 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് പിന്നാലെയാണ് ബാബറിന്റെ ബാറ്റിങ് ശൈലിയെ പരിഹസിച്ച് അശ്വിന്‍ രംഗത്തെത്തിയത്. ‘സല്‍മാന്‍ അലി ആഖയെ കൂട്ടുപിടിച്ച് അര്‍ധ സെഞ്ച്വറി നേടിയ ബാബറിന്റെ ബാറ്റിങ് ആമയും മുയലും കഥ മികച്ച രീതിയില്‍ ചിത്രീകരിച്ചതുപോലെയായി’, അശ്വിന്‍ എക്സില്‍ കുറിച്ചു.

പാകിസ്താന്റെ പരാജയത്തിന് കാരണം ബാബറിന്റെ സ്ലോ ബാറ്റിങ്ങാണെന്നാണ് ആരാധകരും ആരോപിക്കുന്നത്. കൂറ്റന്‍ വിജയലക്ഷ്യം മുന്നിലുണ്ടായിട്ടും ഓപണറായി ഇറങ്ങിയ ബാബര്‍ പതിയെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയല്ലാതെ വമ്പനടികള്‍ക്ക് മുതിര്‍ന്നിരുന്നില്ല. ഐസിസി റാങ്കിങ്ങില്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ വേണ്ടിയാണ് ബാബര്‍ മുട്ടിക്കളിച്ചതെന്നും ടീമിനെ വിജയിപ്പിക്കാനായി ഒരു ശ്രമം പോലും നടത്തിയില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here