നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പാണക്കാട് സന്ദർശിക്കും.

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പാണക്കാട് സന്ദർശിക്കും. പിതാവ് ആര്യാടൻ മുഹമ്മദിൻറെ ഖബർ സന്ദർശിച്ചതിന് ശേഷമാകും ആര്യാടൻ ഷൗക്കത്ത് പാണക്കാടേക്ക് തിരിക്കുക. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളെയും പ്രവർത്തകരെയും ആര്യാടൻ ഷൗക്കത്ത് സന്ദർശിക്കും. വൈകിട്ട് മൂന്നുമണിക്ക് യുഡിഎഫ് നേതൃയോഗവും നിലമ്പൂരിൽ ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.

ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. നേരത്തെ ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പി വി അൻവർ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി അൻവർ രംഗത്ത് വന്നതോടെയാണ് ഇന്ന് രാവിലെ ഉണ്ടാകുമെന്ന് കരുതിയിരുന്ന പ്രഖ്യാപനം നീണ്ടത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. അൻവറിൻ്റെ എതിർപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *