മലപ്പുറം: പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത്. പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കാതെ സ്വയം സ്ഥാനാർഥി ആകരുതെന്ന് പിതാവ് പറയുമായിരുന്നു. കോൺഗ്രസ്സ് ആരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്.
മാധ്യമങ്ങളാണ് പല പ്രചാരണങ്ങൾ നടത്തുന്നതെന്നും സ്ഥാനാർത്ഥി നിർണയത്തിൽ ഒരു തർക്കവുമില്ലെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. നിലമ്പൂരിൽ യുഡിഎഫ് സജ്ജമാണ്. 59 പുതിയ ബൂത്തുകൾ ഉണ്ടായി. സംഘടനാ സംവിധാനം സജ്ജമാണ്. വോട്ട് ചേർക്കൽ ഉൾപ്പെടെ കാര്യക്ഷമമായി നടക്കുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
ആര്യാടൻ മുഹമ്മദ് കാണിച്ച പൈതൃകം നിലമ്പൂരിനുണ്ട്. മരിക്കുമ്പോൾ കോൺഗ്രസ്സ് പതാക പുതപ്പിക്കാൻ മറക്കരുതെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്. താനും മരിക്കുവോളം ഒരു കോൺഗ്രസുകാരൻ തന്നെ ആയിരിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. കോൺഗ്രസുകാരനായി മരിക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തിൻ്റെ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രചാരണവും ആര്യാടൻ ഷൗക്കത്ത് തള്ളിക്കളഞ്ഞു. കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർഥി നിലമ്പൂരിൽ മത്സരിക്കും. വിഎസ് ജോയ് ഉൾപ്പടെ നല്ല പ്രവർത്തനമാണ് ഇവിടെ കാഴ്ച വെച്ചിട്ടുള്ളതെന്നും ആര്യാടൻ ഷൗക്കത്ത് ചൂണ്ടിക്കാണിച്ചു. മുസ്‌ലിം ലീഗും കോൺഗ്രസ്സും നല്ല രീതിയിൽ പോകുന്ന ജില്ലയാണ് മലപ്പുറം. ഊഷ്മളമായ ബന്ധമാണ് ലീഗുമായി ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിവി അൻവറിനും മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കണം എന്നാണ് ആഗ്രഹം. അൻവർ തന്നെ അത് പറഞ്ഞിട്ടുള്ളതും ആര്യാടൻ ഷൗക്കത്ത് ചൂണ്ടിക്കാണിച്ചു. മണ്ഡലത്തിൽ എന്ത് പഠനം നടന്നിട്ടുണ്ടെങ്കിലും അതൊക്കെ നേതൃത്വം പരിഗണിക്കും. നിലമ്പൂരിനെ നിലമ്പൂർ ആക്കി മാറ്റിയത് ആര്യാടൻ മുഹമ്മദാണെന്നും ഷൗക്കത്ത് ചൂണ്ടിക്കാണിച്ചു.
ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ AMMA നടപടി ഉടനില്ല; ഫിലിം ചേംബർ അടിയന്തര യോഗം നാളെ