കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപി

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എം പി. അടിസ്ഥാനരഹിത കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും നോട്ടീസിൽ പറയുന്നു. രാജ്യസഭയിൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

എ എ റഹീം എം പിയും രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മത പരിവർത്തന നിരോധന നിയമങ്ങളുടെ മറവിൽ രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് നോട്ടീസിൽ പറയുന്നു.

കന്യാസ്ത്രീകള്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്‍റെ നടപടിയില്‍ ഇന്നലെ പാര്‍ലമെന്‍റിൽ വൻ പ്രതിഷേധം നടന്നിരുന്നു. വിഷയം അടിയന്തര പ്രമേയ നോട്ടീസായി ഇരുസഭകളിലും കേരളത്തിലെ എംപിമാര്‍ ഉന്നയിച്ചെങ്കിലും അനുവദിച്ചില്ല. പാര്‍ലമെന്‍റ് കവാടത്തിന് മുന്നില്‍ ഇടത്, വലത് എംപിമാര്‍ വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. കേസില്‍ സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയായി സിസ്റ്റര്‍ വന്ദനയെയാണ് ഉൾപ്പെടുത്തിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം സെക്ഷന്‍ 4 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *