ആറന്മുള കണ്ണാടിയും, പടയണി തപ്പും, ഉയിർപ്പിന്റെ തിരുരൂപവും; പ്രധാനമന്ത്രിക്ക് തിരുവല്ലയുടെ സ്നേഹോപഹാരങ്ങൾ

പത്തനംതിട്ട: കേരളത്തിന്റെ സാംസ്കാരിക തനിമയും വിശ്വാസപ്പെരുമയും വിളിച്ചോതുന്ന ഉപഹാരങ്ങളുമായാണ് തിരുവല്ലയിലെ ജനത പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രാഷ്ട്രീയത്തിനപ്പുറം, കേരളത്തിന്റെ കലയും സംസ്കാരവും ഇഴചേർന്ന സമ്മാനങ്ങൾ ഓരോന്നും ഏറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു.
തിരുവല്ല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയുടെ ലോകപ്രശസ്തമായ അടയാളമാണ് ആറന്മുള കണ്ണാടി. ലോഹക്കൂട്ടിൽ നിർമ്മിച്ച അത്ഭുത കണ്ണാടി പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് ആദരവിന്റെ സൂചകമായാണ്. ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായാണ് ആറന്മുള കണ്ണാടി കരുതപ്പെടുന്നത്.മദ്ധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കലയായ പടയണിയുടെ പ്രധാന വാദ്യോപകരണമായ ‘തപ്പ്’ ആയിരുന്നു വേദിയിലെ മറ്റൊരു പ്രധാന ആകർഷണം. ബിജെപി നേതാവ് അനൂപ് ആന്റണി പ്രധാനമന്ത്രിക്ക് ഇത് സമ്മാനിക്കുകയും തുടർന്ന് അദ്ദേഹം തപ്പിൽ താളം പിടിക്കുകയും ചെയ്തത് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി.
ഗ്രാമീണ കലകളോടുള്ള മോദിയുടെ താൽപ്പര്യം കൂടിയാണ് ആ നിമിഷങ്ങളിൽ കണ്ടത്. ക്രൈസ്തവ വിശ്വാസത്തിന്റെ വലിയൊരു കേന്ദ്രം കൂടിയായ തിരുവല്ലയിൽ വച്ച് , ‘ഉയിർപ്പിന്റെ തിരുരൂപം’ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് വേറിട്ട കാഴ്ചയായി. ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യേശുക്രിസ്തുവിന്റെ രൂപം കൈമാറിയത്. വികസനത്തോടൊപ്പം എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്നു എന്ന സന്ദേശം ഈ ഉപഹാരത്തിലൂടെ കൈമാറാൻ സംഘാടകർക്ക് സാധിച്ചു.
കേരളത്തിന്റെ ക്ലാസിക് കലാരൂപമായ കഥകളിയുടെ കിരീടമാണ് അനൂപ് ആന്റണി പ്രധാനമന്ത്രിക്ക് നൽകിയ മറ്റൊരു സമ്മാനം. ലോകത്തിന് മുന്നിൽ കേരളത്തിന്റെ ഐഡന്റിറ്റിയായ കഥകളിയെ ആദരവോടെ പ്രധാനമന്ത്രി സ്വീകരിച്ചു. കൂടാതെ, ‘ബിജെപി കേരളം’ എന്ന് ആലേഖനം ചെയ്ത പ്രത്യേക സ്മരണികയും അദ്ദേഹത്തിന് ആദ്യ ഉപഹാരമായി ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനപ്പുറം, കേരളത്തിന്റെ സാംസ്കാരിക ബോധവും മതസൗഹാർദ്ദവും ഒത്തുചേർന്ന ഒരു വേദിയായി തിരുവല്ല മാറി. തനിക്ക് ലഭിച്ച ഓരോ സമ്മാനത്തെയും ഏറെ താൽപ്പര്യത്തോടെയും ആദരവോടെയുമാണ് പ്രധാനമന്ത്രി ഏറ്റുവാങ്ങിയത്.



