താത്കാലിക വിസി നിയമനത്തില്‍ ഗവര്‍ണർക്ക് തിരിച്ചടി

വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് തന്നെ വേണമെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തില്‍ ഗവര്‍ണർക്ക് തിരിച്ചടി. വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് തന്നെ വേണമെന്ന് സുപ്രീം കോടതി. സര്‍വകലാശാല നിയമം അനുസരിച്ച് വിസിമാരെ നിയമിക്കണം. ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.സര്‍ക്കാര്‍ പാനലില്‍ ഉള്‍പ്പെട്ടാല്‍ നിലവിലെ വിസിമാരെ വീണ്ടും നിയമിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

മുൻപെ വിസി നിയമനത്തിൽ സമവായ നിർദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. സ്ഥിരം വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണം, സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ നിലവിലെ വിസിമാർക്ക് തുടരാം, തുടങ്ങി സർവകലാശാലകളിൽ രാഷ്ട്രീയം കലർത്തരുതെന്നും വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കരുതെന്നും നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതിയുടെ നടപടി.

ഗവർണ്ണറും സർക്കാരും പരസ്പരം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗഹാർദ്ദപരമായാണ് സർക്കാരും ഗവർണ്ണറും മുന്നോട്ട് പോകേണ്ടത്. സർക്കാരിനാണോ ഗവർണ്ണർക്കാണോ നിയമനാധികാരം എന്നതല്ല പരിഗണനാ വിഷയം. ഇത്തരം വ്യവഹാരങ്ങളാൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാകരുത്. സർവകലാശാലകളും വിദ്യാർത്ഥികളുമാണ് പ്രധാനം. രണ്ട് സർവകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തതാണ് പ്രധാന പ്രശ്‌നം. വസ്തുതകൾ പരിശോധിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നുമായിരുന്നു ജസ്റ്റിസുമാരായ ജെബി പാർഡിവാല, ആർ മഹാദേവൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.


അതേ സമയം, സർവകലാശാലകളിൽ ഭരണ സ്തംഭനം ഉണ്ടാകരുതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി ശരിവെച്ചു. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ സംസ്ഥാന സർക്കാർ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നുമാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *