നിമിഷപ്രിയയുടെ വധശിക്ഷ; റദ്ദാക്കുമെന്നതിൽ ഉറച്ച് കാന്തപുരം, ‘പോസ്റ്റ് പിൻവലിച്ചെന്ന റിപ്പോര്‍ട്ട് ശരിയല്ല’

കോഴിക്കോട്: യമനിൽ തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന വിവരത്തില്‍ ഉറച്ച് എ പി അബൂബക്കര്‍ മുസലിയാറുടെ ഓഫീസ്. ഇത് സംബന്ധിച്ച് എക്‌സില്‍ പങ്കുവെച്ച വാര്‍ത്തകള്‍ പിന്‍വലിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഓഫീസ് വ്യക്തമാക്കി.നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ശരിയല്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ലിങ്ക് ഇപ്പോള്‍ ലഭ്യമല്ല.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളതെന്നും നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കാന്തപുരത്തെ ആശ്രയിച്ചു കൊണ്ടാണ് മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടത്തുന്നതെന്നും അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ പ്രതികരിച്ചു. തലാലിന്റെ കുടുംബം വധശിക്ഷയില്‍ നിന്ന് പുറകോട്ട് പോയി എന്ന വിവരമാണ് ലഭിക്കുന്നതെന്നും സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേർത്തും.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റുകാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായതിനായി കഴിഞ്ഞ ദിവസം കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു.ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് വധശിക്ഷ റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായതെന്നായിരുന്നു അബൂബക്കര്‍ മുസലിയാരുടെ ഓഫീസ് അറിയിച്ചത്.
എന്നാല്‍ വാര്‍ത്ത തലാലിന്റെ സഹോദരന്‍ നിഷേധിച്ചു. ഇതോടെ ഇക്കാര്യത്തില്‍ അവ്യക്തത ഉടലെടുത്തിരുന്നു. അതിനിടെ നിമിഷ പ്രിയയുടെ ഭര്‍ത്താവും മകളും യമനിലെത്തി. ജൂലൈ 16 ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. കാന്തപുരത്തിന്റെ ഇടപെടലില്‍ ഇത് താല്‍ക്കാലികമായി നീട്ടിവെക്കുകയായിരുന്നു.