ആൻഡ്രെ റസൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ചു

ജമൈക്ക: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആൻഡ്രെ റസൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഹോം മൈതാനമായ ജമൈക്കയിലെ സബീന പാർക്കിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ട്വന്റി20 മത്സരങ്ങളാണ് ടീമിനായുള്ള അദ്ദേഹത്തിന്റെ അവസാന മത്സരങ്ങൾ. 15 വർഷത്തിലേറെയായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ നിറസാനിധ്യമാണ് റസൽ. വിൻഡീസ് ക്രിക്കറ്റ് ബോർഡാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യപനം ഔദ്യോഗിമായി അറിയിച്ചത്.
വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കരിയറിൽ ഒട്ടേറെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചുവെന്ന് റസൽ പ്രസ്താവിച്ചു. ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അനുഭവങ്ങളിലൊന്നായിരുന്നു കരിയറെന്നും അദ്ദേഹം പറഞ്ഞു.”എല്ലാം വാക്കുകൾക്കതീതമാണ്. വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കുക എന്റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്.
സ്വദേശത്ത് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ കളിക്കുന്നത് വളരെ ഇഷ്ടമാണ്. അവിടെ എന്റെ കഴിവുകൾ പ്രകടിപ്പിക്കാനും ഉയർന്ന നിലവാരമുള്ള പ്രകടനങ്ങൾ നടത്താനും കഴിഞ്ഞു. എല്ലാം അടുത്ത തലമുറക്കും പ്രോത്സാഹനമാകട്ടേയെന്നും റസൽ പറഞ്ഞു.നിരവധി പ്രമുഖ താരങ്ങൾ റസലിന് ആശംസകൾ അറിയിച്ചു. ”ആൻഡ്രേ എപ്പോഴും വളരെ പ്രൊഫഷണലായിട്ടാണ് മത്സരങ്ങളെ സമീപിച്ചിരുന്നത്.
അദ്ദേഹത്തിന്റെ അടുത്ത ചുവടുവയ്പ്പിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. വരും തലമുറകൾക്ക് തുടർന്നും അദ്ദേഹം പ്രചോദനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.” വെസ്റ്റ് ഇൻഡീസ് പരിശീലകൻ ഡാരൻ സാമി റസലിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.2019 മുതൽ റസൽ ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. മൊത്തം 84 ട്വന്റി20 മത്സരങ്ങൾ അദ്ദേഹം കളിച്ചു. വിൻഡീസിനായി 1078 റൺസാണ് വാരികൂട്ടിയത്.
മൂന്ന് അർദ്ധസെഞ്ച്വറികളും 71 എന്ന ഉയർന്ന സ്കോറും ഉൾപ്പെടെ 61 വിക്കറ്റുകളും താരം സ്വന്തമാക്കി. 56 ഏകദിനങ്ങളിൽ നിന്ന് 1034 റൺസാണ് നേടിയിട്ടുള്ളത്.4 അർദ്ധസെഞ്ച്വറികളും 92 എന്ന ഉയർന്ന സ്കോറും ഉൾപ്പെടെ 70 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2026ലെ ട്വന്റി 20 ലോകകപ്പിൽ വരാനിരിക്കുന്ന സാഹചര്യത്തിൽ റസലിന്റെ വിരമിക്കൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് തീരാനഷ്ടമാണ്. 2012 ലും 2016ലും, കിരീടം നേടിയ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഭാഗമായിരുന്നു റസൽ.