അവസാന തീയതിക്ക് മുമ്പെ താരം അപേക്ഷ നൽകിയതായി രേഖകൾ
മലപ്പുറം: മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് നിയമനം നൽകാത്തത് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിക്കാത്തതിനാലാണെന്ന കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വാദം കള്ളമെന്ന് രേഖകൾ. നിയമസഭയിൽ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് മന്ത്രി ഈ വാദം ഉയർത്തിയത്. ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്തവർക്കുവരെ ജോലി കൊടുത്തിട്ടും ഇന്ത്യൻ ഫുട്ബാൾ ടീമിനായി അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത അനസ് എടത്തൊടിക പോലെയുള്ള താരങ്ങൾക്ക് നിയമനം നൽകാത്തത് എന്താണെന്നായിരുന്നു എം.എൽ.എയുടെ ചോദ്യം. അനസ് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിച്ചിരുന്നില്ലെന്നും അതിനാലാണ് നിയമനം കിട്ടാതിരുന്നതെന്നുമാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. ജോലിക്കായി സർക്കാർ സമയപരിധി നിശ്ചയിച്ച സമയത്ത് അനസിന്റെ അപേക്ഷ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം മറ്റൊരു ജോലിയിൽ പ്രവേശിച്ചെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രിയുടെ വാദം തെറ്റാണെന്നാണ് സർക്കാർ ഉത്തരവിന്റെയും അനസിന്റെ അപേക്ഷയുടെയും രേഖകൾ പറയുന്നത്.