സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ സമ്പാദ്യ പദ്ധതിയാണ് മഹിള സന്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (എംഎസ്എസി).ആയിരം രൂപ കുറഞ്ഞ നിക്ഷേപവും പരമാവധി നിക്ഷേപം 2 ലക്ഷം രൂപയുമായിട്ടുള്ള ഈ പദ്ധതി പ്രകാരം 7.5% പലിശ ലഭിക്കും. ഓരോ മൂന്നു മാസത്തിലും കൂട്ടുപലിശ കണക്കാക്കുന്നതിനാൽ കാലാവധിയെത്തുമ്പോൾ കൂടുതൽ പലിശ ലഭിച്ചേക്കും.
പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയുടെ പേരിൽ മാതാപിതാക്കൾക്കും ഈ പദ്ധതിയിൽ ചേരാൻ കഴിയും. 2 വർഷ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും കാലാവധിക്കു മുൻപ് പിൻവലിക്കുന്നവർക്ക് 5.5% പലിശ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ മരണം, മാരകരോഗം എന്നിവ കാരണം അക്കൗണ്ട് അവസാനിപ്പിക്കുകയാണെങ്കിൽ 7.5% പലിശ തന്നെ ലഭിക്കുകയും ചെയ്യും. നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് നൽകുന്നതിനൊപ്പം കെവൈസി രേഖകൾ (ആധാർ, പാൻകാർഡ്), പാസ്പോർട്ട്സൈസ് ഫോട്ടോ ഇവ നൽകേണ്ടതുണ്ട്. പോസ്റ്റ് ഓഫിസ്, ബാങ്കുകൾ എന്നിവ മുഖേനയാണ് അക്കൗണ്ടുകൾ തുറക്കേണ്ടത്. പ്രവാസികൾക്ക് ഈ നിക്ഷേപപദ്ധതിയിൽ ചേരാൻ കഴിയില്ല.