അമ്മയുടെ പ്രസിഡന്റാകാൻ മത്സരം ശക്തം; ജഗദീഷും ശ്വേത മേനോനും പത്രിക നൽകി

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കനക്കും. ജഗദീഷും ശ്വേത മേനോനും നേർക്കുനേർ മത്സരിക്കും. ഇരുവരും നാമനിർദേശപത്രിക നൽകി.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക നൽകി.

ജോയ് മാത്യു, രവീന്ദ്രൻ, ജയൻ ചേർത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, അഞ്ജലി നായർ, തുടങ്ങിയവരും പത്രിക നൽകി. അമ്മ ഓഫീസിൽ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്.
ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.

ഭാരവാഹികൾക്കും അംഗങ്ങൾക്കും എതിരെ തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ കമ്മിറ്റിയും സംഘടനയും ആകെ പ്രതിസന്ധിയിലായി. താരങ്ങൾക്ക് നേരെയും സംഘടനയ്ക്ക് നേരെയും പലഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയർന്നു.

മോഹൻലാലിന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോയെങ്കിലും സംഘടനാ പൊതുസമൂഹത്തിൽ നാമമാത്രമായി. ബാബുരാജിനെ താത്ക്കാലിക ജനറൽ സെക്രട്ടറിയാക്കി പ്രവർത്തനങ്ങൾ ഏകോപിച്ചെങ്കിലും ബാബുരാജിന് എതിരെയുള്ള അതൃപ്തി സംഘടനയിലാകെ പടർന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന ജയൻ ചേർത്തല, അൻസിബ ഹസൻ എന്നിവർക്കെതിരെയും ഒരു വിഭാഗം രംഗത്തുണ്ട്.

കഴിഞ്ഞമാസം നടന്ന ജനറൽബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലേക്ക് എത്തിയത്. 31 വർഷത്തെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കാതെ ഭരണസമിതി രാജിവെച്ച് തിരഞ്ഞെടുപ്പ് വേണ്ടി വരുന്നത് ഇതാദ്യമായാണ്. പത്രിക സമർപ്പിക്കാനുള്ള കാലാവധി ഒരാഴ്ച പൂർത്തിയാകുമ്പോൾ വലുപ്പച്ചെറുപ്പം ഇല്ലാതെ നിരവധി താരങ്ങളാണ് രംഗത്തുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *