30,000 ജോലിക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട്‌ അമേരിക്കൻ ടെക് ഭീമൻ, 12,000 പേരും ഇന്ത്യയിൽ നിന്ന്

ബംഗളൂരു: അമേരിക്കൻ ടെക് കമ്പനിയായ ഒറാക്കിളിൽ ലോകവ്യാപകമായി പിരിച്ചുവിടൽ. 30,000 പേരെയാണ് ലോകമാകെ കമ്പനി പിരിച്ചുവിട്ടത്. ഇതിൽ 12,000 പേർ ഇന്ത്യക്കാരാണ്. പിരിച്ചുവിടപ്പെട്ട ജീവനക്കാർ അറിയിക്കുന്നതനുസരിച്ച് ഒരു മാസത്തിനുള്ളിൽ ഇനിയും ജീവനക്കാരെ പിരിച്ചുവിടും. എച്ച്‌ആർ ഡിപ്പാർട്ട്മെന്റിൽ നിന്നുമടക്കം ജീവനക്കാരനെ പിരിച്ചുവിട്ടിട്ടുണ്ട്.

30,000 ജീവനക്കാരാണ് ഒറാക്കിളിന് ഇന്ത്യയിലുള്ളത്. ഇത്രയധികം പേരെ പിരിച്ചുവിടാനുള്ള കാരണമെന്തെന്ന് പറയാൻ കമ്പനി അധികൃതർ വിസമ്മതിച്ചുവെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാർക്ക് അയച്ച മെയിലിൽ സംഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. ‘സംഘടനാപരമായ മാറ്റങ്ങളെത്തുടർന്ന് കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനിച്ചു.

ഇതിന്റെ ഫലമായി നിങ്ങൾ വഹിക്കുന്ന സ്ഥാനങ്ങൾ നിർഭാഗ്യവശാൽ അനാവശ്യമാണ്.’ പിരിച്ചുവിടപ്പെട്ടവർക്ക് അയച്ച മെയിലിൽ കമ്പനി അറിയിക്കുന്നു.ഇന്ത്യയിലെ ജോലിക്കാരിൽ ഒരുവർഷം സർവീസ് പൂർത്തിയാക്കിയവർക്ക് 15 ദിവസത്തെ ശമ്പളം കമ്പനി നൽകും. പിരിച്ചുവിടൽ തീയതിവരെയുള്ള ദിവസത്തെ ലഭിക്കാത്ത ശമ്പളം, ലീവ് എൻക്യാഷ്‌മെന്റ്, ജീവനക്കാരുടെ യോഗ്യതയനുസരിച്ച് ഗ്രാറ്റുവിറ്റി,

ഒരുമാസം നോട്ടീസ് പിരീഡിനുള്ള ശമ്പളം എന്നിവയും ടോപ്പ് അപ്പായി രണ്ട് മാസത്തെ ശമ്പളവും കമ്പനി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. എന്നാൽ ഇത് രാജിവച്ചവർക്ക് മാത്രമാകും ബാധകം.എഐ വർക്ക്‌ലോഡുകൾ കൈകാര്യം ചെയ്യാൻ പ്രാപ്‌തിയുള്ള ഡാറ്റാ സെന്റർ ഇൻഫ്രാസ്‌ട്രക്‌ചർ നിർമ്മിക്കാൻ നിക്ഷേപം നടത്തുകയാണ് ഒറാക്കിൾ. എന്നാൽ നിലവിലെ ഡാറ്റാബേസ് ബിസിനസ് തുടരുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *