സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌‌ത്തി അമീബിക് മസ്‌തിഷ്‌ക ജ്വരം

കോഴിക്കോട്: സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌‌ത്തി അമീബിക് മസ്‌തിഷ്‌ക ജ്വരം. രോഗം ബാധിച്ച് ചികിത്സയിലുളള രണ്ടുപേരുടെ ആരോഗ്യനില അതീവഗുരുതരമാണ്. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം സ്ഥിരീകരിച്ച് വെന്റിലേറ്ററിൽ ചികിത്സയിലുളളത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇന്നലെ ഉച്ചയോടെ മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56കാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് മരിച്ചിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഗുരുതരാവസ്ഥയിൽ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങൾ ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ഓമശ്ശേരി കണിയമ്പുറം വീട്ടിൽ അബ്ദുൾ സിദ്ദിഖ് – മെെനൂന ദമ്പതികളുടെ മകൻ മുഹമ്മദ് ആഹിലാണ് മരിച്ചത്. പ്രതിരോധശേഷി കുറവായിരുന്ന കുഞ്ഞ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.ഓഗസ്റ്റ് നാലിനാണ് കടുത്ത പനിയോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചണ്ഡീഗഡിലെ വെെറോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്തിയിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ നിരവധിപേർ ചികിത്സ തേടുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ പറഞ്ഞു. ദിവസവും ഒരാളിലെങ്കിലും രോഗം സ്ഥിരീകരിക്കുന്നുണ്ട്.

അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ സങ്കീർണതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. നെയ്ഗ്ലേരിയ ഫൗളറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ഇതിൽ ‘ബ്രെയിൻ ഈറ്റിംഗ് അമീബിയ’ എന്നറിയപ്പെടുന്ന അമീബയാണ് കൂടുതൽ അപകടകാരി. ഇത് വേഗത്തിൽ തലച്ചോറിനെ നശിപ്പിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *