തിരുവനന്തപുരം: പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയുടേതാണ് വിധി. പ്രോസിക്യൂഷന്റെ വാദം പൂർണമായും ശരിവെച്ച് കൊണ്ടാണ് അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരിക്കുന്നത്.
കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏക പ്രതി. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബർ ഫോറൻസിക് തെളിവുകളും, സാഹചര്യ തെളിവുകളെയും മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 96 പേരെ സാക്ഷികളായി വിസ്തരിക്കുകയായിരുന്നു.
പ്രതി അന്നേ ദിവസം എവിടെയൊക്കെ പോയി എന്ന് അറിയുന്നതിന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചിരുന്നു. 2022 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു ഈ അരും കൊല.

ഓണ്‍ ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിന് ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. സമാനരീതിയില്‍ തമിഴ്‌നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രനാണ് സമീപത്തെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയത്.
രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഹൃദ്രോഗബാധിതനായി മരിച്ചതിനെ തുടര്‍ന്ന് ജീവിക്കാന്‍ മറ്റ് മാര്‍ഗം ഇല്ലാതെ വന്നപ്പോഴാണ് വിനീത പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പന ശാലയില്‍ ജോലിക്ക് വന്ന് തുടങ്ങിയത്. കൊല്ലപ്പെടുന്നതിന് ഒമ്പത് മാസം മുമ്പാണ് ഇവിടെ ജോലിക്ക് എത്തിയത്.
കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസ് പ്രതികള്‍ക്ക് ജാമ്യം