സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവ് എന്ന ചരിത്രം സൃഷ്ടിച്ച കുഞ്ഞ് ആലിൻ ഷെറിന് നാടിന്റെ വിട

പത്തനംതിട്ട: സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവ് എന്ന ചരിത്രം സൃഷ്ടിച്ച കുഞ്ഞ് ആലിൻ ഷെറിന് നാടിന്റെ വിട. നെടുങ്ങാടപ്പള്ളി സിഎസ്ഐ സെന്റ് തോമസ് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ ആലിനെ സംസ്കരിച്ചു.

കാറപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ ഏബ്രഹാം നാലുകുഞ്ഞുങ്ങൾക്ക് പുതുജീവനേകിയാണ് യാത്രയായത്. ഹൃദയവാൽവും കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്. മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി ചാപ്പലിൽ ഇന്ന് രാവിലെ ഏഴോടെ പ്രാർത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം എട്ടുമണിയോടെ ആലിനെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിനുള്ളിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷമാണ് പൊതുദര്‍ശനം ആരംഭിച്ചത്. വീട്ടിൽ നൂറുകണക്കിനുപേരാണ് ആലിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത്.

ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് നടന്ന കാറപകടത്തെത്തുടർന്നാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഹൃദയവാൽവും കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്. അപകടത്തിൽ പരിക്കേറ്റ കുഞ്ഞിന്റെ മാതാവ് ഷെറിൻ കഴിഞ്ഞ ദിവസം വീട്ടിലെത്തി. പിതാവ് അരുണാണ് അവയവദാനത്തെക്കുറിച്ച് ആദ്യം ചിന്തിക്കുന്നത്. ഷെറിനോട് പറഞ്ഞപ്പോൾ നിറഞ്ഞ മനസോടെ സമ്മതിച്ചെന്നും തുടർന്ന് സർക്കാർ സംവിധാനമായ കെ- സോട്ടോ വഴി അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചെന്നും അരുൺ പറഞ്ഞു. ഇന്ന് ലോകം മുഴുവൻ ഞങ്ങളോടൊപ്പം ആലിൻ മോളെ സ്നേഹിക്കുന്നെന്ന് അരുൺ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *