ഭാവിയിലെ കേരളം എന്താകണമെന്നുള്ള മിനി പതിപ്പ് ആണ് കിഴക്കമ്പലത്ത് ട്വന്റി20 കാണിച്ചതെന്ന് അഖിൽ മാരാർ

തിരുവനന്തപുരം: ഭാവിയിലെ കേരളം എന്താകണമെന്നുള്ള മിനി പതിപ്പ് ആണ് കിഴക്കമ്പലത്ത് ട്വന്റി20 കാണിച്ചതെന്ന് സംവിധായകനും ബിഗ്‌ബോസ് സീസൺ 5 വിജയിയുമായിരുന്ന അഖിൽ മാരാർ. സാബു ജേക്കബിന്റെ വീക്ഷണം ഇത്തരത്തിലാകുമ്പോൾ തന്നെപ്പോലെ ചിന്തിക്കുന്നയാൾക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാനും ചേരാനും ഇതല്ലാതെ മറ്റൊരു രാഷ്ട്രീയ ആശയം നിലവിൽ കേരളത്തിലില്ലെന്നും അഖിൽ മാരാ‌ർ വ്യക്തമാക്കി. അഖിൽ മാരാരെ ട്വന്റി20 കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് വാർത്താസമ്മേളനം.

ചിന്തകളും അഭിപ്രായങ്ങളും ചിലപ്പോൾ ബിജെപിക്കും യുഡിഎഫിനും ഇടതുപക്ഷത്തിനും അനുകൂലമായി വരാറുണ്ട്. സ്വതന്ത്ര ചിന്തകളാണ് കൂടുതലുമുള്ളത്. രാഷ്ട്രീയ പാർട്ടികളാൽ തകർന്ന ഒരു ബിസിനസുകാരൻ മൂന്ന് രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടത്തുന്ന പോരാട്ടം ‘താത്വിക അവലോകനം’ എന്ന പേരിൽ ഒരു സിനിമയായി എടുത്തിരുന്നു. അന്ന് സാബു ജേക്കബുമായി ബന്ധപ്പെട്ടിരുന്നു. ട്വന്റി20 എന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ത് ആശയമാണോ ഈ നാട്ടിൽ കൊണ്ടുവരാൻ ആഗ്രഹിച്ചത് അത് മനസിൽതന്നെ മുൻപേ സൂക്ഷിച്ചിരുന്നയാളാണ് ഞാൻ.

എറണാകുളം ജില്ലയ്ക്ക് അപ്പുറത്തേയ്ക്ക് ട്വന്റി20യുട വ്യാപനമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ നാളുകൾക്ക് മുൻപുതന്നെ ഇത്തരത്തിലൊരു വാർത്താസമ്മേളനം ഉണ്ടാകുമായിരുന്നു. എപ്പോഴും ഭരണം മാറണമെന്നുള്ള, പ്രതിപക്ഷ നിരയ്ക്ക് കരുത്ത് പകരണമെന്നുള്ള ആശയമുള്ളതുകൊണ്ട് പലപ്പോഴും എന്റെ പ്രതികരണങ്ങൾ യുഡിഎഫിന് അനുകൂലമായിരുന്നു. യുഡിഎഫിനുവേണ്ടി സംസാരിച്ചത് പ്രതിപക്ഷത്തിന് കരുത്തുപകരാനായിരുന്നു. എന്നാൽ ഇതിനെക്കാളുപരി നമ്മുടെ നാട്ടിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ടതായുണ്ട്.

റെയിൽവേയിൽ നാളിതുവരെ കാണാത്ത വികസനങ്ങളുണ്ടായെന്ന് അടുത്തിടെ പ്രേമചന്ദ്രൻ എം പി പറഞ്ഞിരുന്നു. രാജ്യത്തും നാളിതുവരെ കാണാത്ത വികസനമുണ്ടായി. ലോകത്ത് നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളർന്നു. നമ്മുടെ രാജ്യത്ത് നടക്കുന്ന വികസനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്നാൽ ചിന്തകൾകൊണ്ടും മറ്റും കേരളം പിന്നോട്ടുപോവുകയാണ്.

എന്താണ് നമ്മുടെ നാട്ടിലുള്ളതെന്നും എന്താണ് കയറ്റുമതി ചെയ്യുന്നതെന്നും ഇടതുപക്ഷത്തിൽ നിന്നുള്ള മുൻ മന്ത്രി സി ദിവാകരൻ ചോദിച്ചിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുക എന്നതിലുപരി അവരുടെ നിലപാടുകളും എന്താണ് സമൂഹത്തിന് കൊടുക്കാനാഗ്രഹിക്കുന്നതെന്നുമാണ് നോക്കേണ്ടത്.

അവിടെയാണ് ട്വന്റി20യുടെയും ബിജെപിയുടെയും ലയനം വരുന്ന സമയത്ത് എന്താണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് നോക്കേണ്ടത്. ട്വന്റി20 പോലുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ ഒപ്പം നിർത്താൽ ബിജെപി തീരുമാനിക്കുമ്പോൾ നൂറ് ശതമാനം വികസനമല്ലാതെ മറ്റെന്താണ് അവർക്ക് മുന്നോട്ടുവയ്ക്കാൻ പറ്റുന്നത്. ഇന്നും 80കളിലെയും 90കളിലെയും കാര്യങ്ങൾ സംസാരിച്ചിട്ട് കാര്യമില്ല.

എന്താണ് 2040ൽ നമ്മുടെ തലമുറയ്ക്ക് ഉണ്ടാകേണ്ടതെന്ന ദീർഘവീക്ഷണം ഉണ്ടായിരിക്കണം. ഭാവിയിലെ കേരളം എന്താകണമെന്നുള്ള മിനി പതിപ്പ് ആണ് ട്വന്റി20 കിഴക്കമ്പലത്ത് കാണിച്ചത്. സാബു ജേക്കമ്പിന്റെ വീക്ഷണം ഇത്തരത്തിലാകുമ്പോൾ എന്നെപ്പോലെ ചിന്തിക്കുന്നയാൾക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാനും ചേരാനും ഇതല്ലാതെ മറ്റൊരു രാഷ്ട്രീയ ആശയം നിലവിൽ കേരളത്തിൽ ഇല്ല’- അഖിൽ മാരാർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *