അടുത്ത സച്ചിൻ എന്നും അടുത്ത കപിൽദേവ് എന്നും കരിയറിൽ വാഴ്ത്തപ്പെട്ട അജിത് അഗാർക്കർ

1

കഴിവിനോട് 100% നീതി പുലർത്താൻ കഴിയാതെ പടിയിറങ്ങേണ്ടി വന്ന നിരവധി താരങ്ങൾ ഉണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ . ഒരു സമയത്ത് ഇന്ത്യയുടെ അടുത്ത കപിൽദേവ് ആകുമെന്ന് വരെ പറയിപ്പിച്ച ഓൾറൗണ്ടർ ആയിരുന്നു അജിത് അഗാർക്കർ എന്ന മുംബൈ താരം. ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയിട്ടും റെക്കോർഡുകൾ സ്വന്തം പേരിൽ ഉണ്ടായിട്ടും അർഹിക്കുന്ന മതിപ്പ് കിട്ടാത്ത ഒരു ബൗളറാണ് അദ്ദേഹം. ഒരു ഓവറിൽ ആറ് പന്ത് എന്നുള്ളതിനു പകരം അഞ്ച് പന്ത് ആയിരുന്നുവെങ്കിൽ ഒരുപക്ഷേ ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ബൗളർ ആകുമായിരുന്നു അഗാർക്കർ . കാരണം, ഒരൊറ്റ പന്തുകൊണ്ട് മികച്ച ഒരു ഓവറിനെ സ്വയം നശിപ്പിക്കുന്ന മറ്റൊരു ബൗളർ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടാവില്ല.

. ഇത്രയധികം അവഹേളിക്കപ്പെട്ടിട്ടുള്ള ക്രിക്കറ്ററും വേറെ ഉണ്ടായിട്ടുണ്ടാവില്ല തുടർച്ചയായ ഡക്കുകൾ , ക്ലബ് ബൗളർമാരെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള ലൂസ് ഡെലിവറികൾ , അഗാർക്കർ മിക്കവരുടെയും മനസ്സിൽ അടയാളപ്പെടുന്നത് ഈ വിധത്തിൽ ആയിരിക്കും .എന്നാൽ വിഖ്യാതമായ ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ കീറിമുറിച്ച , മത്സരത്തിന്റെ തന്നെ വിധി നിർണയിച്ച മാരകമായ ഒരു സ്പെൽ അവരുടെ ഓർമ്മകൾക്ക് അപ്പുറത്തായിരിക്കും .

സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കും ബ്രയൻ ലാറക്കും അപ്രാപ്യമായ ലോഡ്സിലെ അയാളുടെ സെഞ്ച്വറി അവർ കണക്ക് എടുക്കാറേ ഉണ്ടാവില്ല. ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്റിയും ഏറ്റവും കുറച്ചു മത്സരങ്ങളിൽ നിന്നും തികച്ച 50 വിക്കറ്റുകളും അവരുടെ അംഗീകാരസൂചികളിൽ നിന്നും പ്രകാശവർഷങ്ങൾ അകലെ ആയിരിക്കും .

1977 ഡിസംബർ നാലിന് ബോംബെയിൽ ബാലചന്ദ്ര അഗാർക്കറിന്റെയും മീനയുടെയും മകനായിട്ടായിരുന്നു അഗാർക്കറിന്റെ ജനനം .ചെറുപ്പം മുതൽ തന്നെ അഗാർക്കറിന്റെ ഉള്ളിൽ ക്രിക്കറ്റ് ഭ്രമം കേറിക്കൂടിയിരുന്നു. ഒരു ബാറ്റ്സ്മാൻ ആയിട്ടായിരുന്നു അഗാർക്കറിന്റെ തുടക്കം. അഗാർക്കറിന്റെ ഉള്ളിൽ മികച്ച ഒരു ബാറ്റ്സ്മാൻ ഉണ്ടെന്ന് മനസ്സിലാക്കിയ പിതാവ് അവനെ ശിവജി പാർക്ക് മൈതാനത്ത് ക്രിക്കറ്റിന്റെ ദ്രോണാചാര്യരായ കോച്ച് രമാകാന്ത്ന്റെ അടുത്തെത്തിച്ചു .ഒടുവിൽ ഉപദേശപ്രകാരം അഗാർക്കർ തന്റെ ആറാം ക്ലാസ് പഠനം ശാരദാശ്രം വിദ്യാമന്ദിർ സ്കൂളിലേക്ക് മാറ്റി . ശിവജി പാർക്കിലെ പരിശീലനത്തിൽ അഗാർക്കർ ഒരു മികച്ച ബാറ്റ്സ്മാനായി വളർന്നു.

ജയിൽ ഷീൽഡ് അണ്ടർ 16 ടൂർണമെന്റിൽ 15 കാരനായ അഗാർക്കർ ട്രിപ്പിൾ സെഞ്ച്വറി നേടി ഏവരുടെയും ശ്രദ്ധ ആർജ്ജിച്ചു. തുടർന്നുള്ള അണ്ടർ 19 ഹാരിസ് ഷീൽഡ് സീരീസിലും അഗാർക്കർ തന്റെ ഉജ്ജ്വല ഫോം തുടർന്നു. മറ്റൊരു ടെണ്ടുൽക്കർ ഉടലെടുത്തു എന്ന് അഗാർക്കറിന്റെ കളി കണ്ട ഏവരും ഒരേ സ്വരത്തിൽ പറഞ്ഞു തുടങ്ങി. അങ്ങനെ ഇരിക്കവെയാണ് അഗാർക്കർ തന്റെ ശ്രദ്ധ ബൗളിങ്ങിലേക്ക് തിരിച്ചത് .മുംബൈ ടീമിൽ ഒരു പ്യുവർ ബാറ്റ്സ്മാൻ ആയി സ്ഥാനം പിടിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന കോച്ച് അശ്വേകറിന്റെ ഉപദേശപ്രകാരമാണ് അഗാർക്കർ ഓൾ റൗണ്ടർ സ്ഥാനം മോഹിച്ച് ബൗളിങ്ങിലേക്ക് ശ്രദ്ധ തിരിച്ചത്.

കപിൽദേവ് ,മൈക്കിൾ ഹോൾഡിങ്, ഇയാൻ ബോധം, അലൻ ഡൊണാൾഡ്, എന്നിവരെ ആരാധിച്ചിരുന്ന ആ പയ്യൻ അങ്ങനെ ബൗളർ എന്ന നിലയിലും തിളങ്ങാൻ തുടങ്ങി.അങ്ങനെ ഇന്ത്യയുടെ രണ്ടാം സച്ചിൻ ടെണ്ടുൽക്കർ എന്ന് വാഴ്ത്തപ്പെട്ടവൻ ഇന്ത്യയുടെ രണ്ടാം കപിൽദേവ് എന്ന് പറയപ്പെടാൻ തുടങ്ങി. പിന്നീട് ഇന്ത്യ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഗാർക്കർ ശ്രീലങ്കയ്ക്കെതിരെ സെഞ്ച്വറി നേടി സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റി. അധികം വൈകാതെ തന്നെ അഗാർക്കറിന് ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള വിളിയും വന്നു .അങ്ങനെ 1998 ഏപ്രിൽ ഒന്നിന് കൊച്ചിയിൽ ഓസ്ട്രേലിയക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.

കൺവെൻഷണൽ സ്വിങ്ങിനും റിവേഴ്സ് സ്വിങ്ങിനും പേരുകേട്ട അഗാർക്കർ അരങ്ങേറ്റ മത്സരത്തിൽ ആദം ഗിൽക്രിസ്റ്റിന്റെ വിക്കറ്റ് നേടിയാണ് തുടങ്ങിയത്. പിന്നീട് നടന്ന 13 ഏകദിനങ്ങളിലും അഗാർക്കർ തുടർച്ചയായി വിക്കറ്റുകൾ നേടിക്കൊണ്ടിരുന്നു. നിരവധി റെക്കോർഡുകൾ വാരിക്കൂട്ടിയ അഗാർക്കർ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ സ്വന്തമാക്കുന്ന ബൗളർ എന്ന ഡെന്നീസ് ലീലിയുടെ റെക്കോർഡും തകർത്തു.

2000 – 2006 വർഷങ്ങളിൽ അഗാർക്കർ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു .ബാറ്റ് കൊണ്ടും പന്ത് കൊണ്ടും അഗാർക്കർ ഇന്ത്യക്ക് നിരവധി വിജയങ്ങൾ സമ്മാനിച്ചു. ഇന്ത്യൻ കോച്ച് ജോൺ റൈറ്റ് അഗാർക്കറിനെ ഒരു പിഞ്ച് ഹിറ്ററായി ഏകദിന പോലും ഉപയോഗിച്ചിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം 2000 ൽ സിംബാബ്വേക്കെതിരെ ഏകദിനത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്റിയും സ്വന്തമാക്കി .21 പന്തിൽ 50 നേടിയ അഗാർക്കാർ മത്സരത്തിൽ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. പിന്നീട് 2002ൽ ജംഷേദ്പൂരിൽ വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നാമനായി ഇറങ്ങിയ അദ്ദേഹം ഏകദിനത്തിലെ തന്റെ ഏറ്റവും ഉയർന്ന സ്കോറായ 95 ഉം കുറിക്കുകയുണ്ടായി. അതേവർഷം തന്നെ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോർഡ്സിൽ എട്ടാമനായി ഇറങ്ങി സെഞ്ച്വറി നേടിയ അഗാർക്കർ ലോർഡ്സ് ഹോണേഴ്സ് ബോർഡിലും ഇടം നേടി.

സച്ചിനും ലാറക്കും പോണ്ടിങ്ങിനും സുനിൽ ഗവാസ്കറിനും കഴിയാതിരുന്നത് അഗാർക്കർ എന്ന ബൗളിങ് ഓൾറൗണ്ടറിന് സാധിച്ചു. പിന്നീട് 2003 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന അഗാർക്കർ അതേ വർഷം ടെസ്റ്റിൽ ഓസ്ട്രേലിയൻ പരമ്പരയിൽ മികവ് കാട്ടി .20 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയിൽ ടെസ്റ്റ് വിജയിച്ചപ്പോൾ അതിൽ പ്രധാന പങ്കുവഹിച്ചത് അഗാർക്കർ ആയിരുന്നു. അഡ്ലൈഡിൽ നടന്ന ടെസ്റ്റിൽ തന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗറായ ആറിന് 41 എന്ന നേട്ടം സ്വന്തമാക്കിയ അഗാർക്കർ സമനിലയിലേക്ക് നീങ്ങുമായിരുന്ന ടെസ്റ്റ് ഇന്ത്യയുടെ വരുതിയിൽ കൊണ്ടുവന്ന് വിജയം സമ്മാനിച്ചു. പക്ഷേ അഗാർക്കർ എന്ന ടെസ്റ്റ് ബൗളറെക്കാൾ പ്രശസ്തി നേടിയത് അഗാർക്കർ എന്ന ഏകദിന ബൗളർ ആയിരുന്നു .പോരാത്തതിന് 1999 നും 2001 നും ഇടയിൽ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ തുടർച്ചയായി ഏഴ് ഇന്നിംഗ്സിൽ ഡക്ക് ആയതിന്റെ പേരിൽ ലഭിച്ച ബോംബേ ഡക്ക് എന്ന വിളിപ്പേര് അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിൽ ഒരു കരിനിഴലായി മാറി.

ഏകദിനത്തിൽ 191 മത്സരങ്ങളിൽ നിന്ന് 288 വിക്കറ്റുകൾ നേടിയ അഗാർക്കർ കുബ്ലക്കും ശ്രീനാഥിനും ശേഷം ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമായി മാറി. 2004 ൽ മെൽബേണിൽ ഓസ്ട്രേലിയക്കെതിരെയുള്ള ആറ് വിക്കറ്റിന് 42 എന്ന പ്രകടനമാണ് ഏറ്റവും മികച്ചത് .ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ നാല് വിക്കറ്റ് നേട്ടം കൊയ്ത താരം എന്ന റെക്കോർഡും അഗാർക്കറിന്റെ പേരിലാണ് .12 തവണയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചിട്ടുള്ളത് .

2007 ടി20 ലോകകപ്പിൽ ടീമിന്റെ ഭാഗമായിരുന്ന അഗാർക്കാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും ഡൽഹി ഡെയർ ഡെവിൽസിനു വേണ്ടിയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി. ഇന്ത്യക്കായി 2007 സെപ്റ്റംബറിൽ അവസാന മത്സരം കളിച്ച അഗാർക്കാർ പിന്നീട് രഞ്ജി ട്രോഫിയിൽ മുംബൈക്കായി കളിക്കുന്നത് തുടർന്നു. ഒടുവിൽ 2013 ഒക്ടോബർ 16ന് അജിത്ത് അഗാർക്കർ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു .അജിത്ത് അഗാർക്കർ എന്ന ഒരു കാലത്ത് ഭാവി കപ്പിൽ ദേവ് എന്ന് വാഴ്ത്തപ്പെട്ട പ്രതിഭയെ ഈ കാലഘട്ടത്തിൽ എത്രപേർ ഓർക്കുമെന്ന് അറിയില്ല. പക്ഷേ 90 കളുടെ അവസാനവും 2000 ന്റെ ആദ്യകാലങ്ങളിലും കളി കണ്ടവർ ആരും തന്നെ അദ്ദേഹത്തെ മറക്കാൻ ഇടയില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here