2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് ഇനി ഒരാഴ്ചയിൽ താഴെ മാത്രമാണ് ബാക്കിയുള്ളത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കാനിരിക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടുക. ഈ കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഒരു കിടിലൻ റെക്കോഡ് സ്വന്തമാക്കും എന്നതാണ് ശ്രദ്ധേയം.
2025 സീസൺ ഐപിഎല്ലിലെ ആദ്യ കളിയിൽ കൊൽക്കത്തയെ നയിക്കുന്നതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് വ്യത്യസ്ത ടീമുകളെ നയിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡാണ് രഹാനെക്ക് സ്വന്തമാവുക. 2017 ൽ റൈസിങ് പൂനെ സൂപ്പർ ജയന്റിനെ നയിച്ചുകൊണ്ടാണ് രഹാനെ ഐപിഎൽ ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ടീമിന്റെ നായകനായിരുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്തിന് ഒരു മത്സരം നഷ്ടമായതിനാലായിരുന്നു ഇത്. 2018 ൽ രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തിയ രഹാനെ, ടീമിന്റെ നായകനുമായി. രാജസ്ഥാനെ 24 മത്സരങ്ങളിൽ നയിച്ച അദ്ദേഹത്തിന് ഒൻപത് കളികളിൽ മാത്രമാണ് ടീമിന് ജയം സമ്മാനിക്കാനായത്.
രാജസ്ഥാൻ വിട്ടതിന് ശേഷം ഡെൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കായി താരം ഐപിഎല്ലിൽ കളിച്ചു. 2025 ലെ മെഗാ ലേലത്തിൽ രഹാനെ വീണ്ടും കെകെആറിലേക്ക് തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ഐപിഎൽ കിരീടത്തിലേക്ക് സമ്മാനിച്ച ശ്രേയസ് അയ്യരെ മെഗാ ലേലത്തിന് മുൻപ് അവർ റിലീസ് ചെയ്തിരുന്നു. ഇതോടെ 2025 സീസണിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ അവർ നിർബന്ധിതരായി.
വെങ്കടേഷ് അയ്യർ കൊൽക്കത്തയുടെ ക്യാപ്റ്റനാകുമെന്നാണ് പറഞ്ഞു കേട്ടിരുന്നതെങ്കിലും തീർത്തും അപ്രതീക്ഷിതമായി രഹാനെയെ ഫ്രാഞ്ചൈസി നായകനാക്കുകയയിരുന്നു. ഇതോടെ സീസണിലെ ആദ്യ കളിയിൽത്തന്നെ ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് രഹാനെക്ക് ലഭിച്ചത്.
അതേ സമയം അജിങ്ക്യ രഹാനെക്ക് പിന്നാലെ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരും ഐപിഎല്ലിൽ മുന്ന് വ്യത്യസ്ത ടീമുകളെ നയിച്ച ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടം ഇക്കുറി സ്വന്തമാക്കും. 2018 മുതൽ 2020 വരെ ഡെൽഹി ക്യാപിറ്റൽസിന്റെ നായകനായിരുന്ന ശ്രേയസ് അയ്യർ, 2022 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തുകയും ക്യാപ്റ്റൻസി ഏറ്റെടുക്കുകയും ചെയ്തു. 2024 ൽ കെകെആറിനെ കിരീടത്തിൽ എത്തിച്ചിട്ടും ശ്രേയസിനെ ടീമിൽ നിന്ന് റിലീസ് ചെയ്യാൻ അവർ തീരുമാനിച്ചത് ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു.