പശ്ചിമേഷ്യൽ സംഘർഷം തുടരുന്നതിനിടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക്

ന്യൂഡൽഹി: പശ്ചിമേഷ്യൽ സംഘർഷം തുടരുന്നതിനിടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക്. ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സിന്റെ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ വില 50,000 രൂപയാണ്. ഏപ്രിൽ അഞ്ച് വരെ 85,000 മുതൽ 90,000 രൂപ വരെയാകും ശരാശരി നിരക്കെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു. അതിനുശേഷം വിമാനനിരക്കുകൾ ക്രമേണ കുറയുമെന്നും അവർ വ്യക്തമാക്കി. നിലവിൽ ചില ഇന്ത്യൻ വിമാനക്കമ്പനികളുടെ ചില വിമാനങ്ങളിൽ മാത്രമാണ് ടിക്കറ്റ് നിരക്ക് 40,000 രൂപയിൽ ആരംഭിക്കുന്നത്.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ ഭൂരിഭാഗം പേരും എമിറേറ്റ്സിനെ ആശ്രയിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് എമിറേറ്റ്സിൽ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. നിലവിൽ നാട്ടിലുള്ള പ്രവാസികൾക്ക് തിരികെ യുഎഇയിലേക്ക് പോകാൻ ഈ ഭീമൻ തുക ചെലവാക്കേണ്ട സ്ഥിതിയാണ്.
എന്നാൽ, എമിറേറ്റ്സിന്റെ തന്നെ ഫ്ലൈ ദുബായ് എയർലൈൻസിന്റെ വിമാനങ്ങളിൽ 35,000 – 40,000 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ഇതിനേക്കാൾ ചെലവ് കുറഞ്ഞ മറ്റൊരു മാർഗം ഇൻഡിഗോയുടെ കണക്ഷൻ ഫ്ലൈറ്റാണ്. അത് അബുദാബിയിൽ ലാൻഡ് ചെയ്ത ശേഷം ദുബായിലേക്ക് പോകുന്നു. ഏകദേശം 30,000 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്.
ഗൾഫ് രാജ്യങ്ങളിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരും ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചശേഷം കുടുംബാംഗങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ, നാട്ടിലേക്ക് വരാൻ പല പ്രവാസികൾക്കും അവധി ലഭിച്ചതുമില്ല. മറ്റുചിലർക്ക് എപ്പോൾ തിരികെ വിളിച്ചാലും നാട്ടിൽ നിന്ന് തിരിച്ചെത്തണം എന്ന നിബന്ധനയിലാണ് അവധി നൽകുന്നത്. വിമാനടിക്കറ്റ് നിരക്ക് കൂടിയതും കൃത്യസമയത്ത് മടങ്ങാൻ വിമാനസർവീസുകൾ ഉണ്ടാകുമോ എന്ന ആശങ്കയിലും പല പ്രവാസികളും നാട്ടിലേക്ക് മടങ്ങാതെ അതത് രാജ്യങ്ങളിൽ തന്നെ തുടരുകയാണ്.



