എഫ്-35 തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടീഷ് സംഘമെത്തി

തിരുവനന്തപുരം: തകരാർ കാരണം മൂന്നാഴ്ചയോളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടരുന്ന എഫ് 35 ബി ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘമെത്തി. ബ്രിട്ടീഷ് വ്യോമസേനയുടെ എയർബസ് എ 400 എം വിമാനത്തിലാണ് സംഘമെത്തിയത്. വിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി സംഘം തിരുവനന്തപുരത്ത് തുടരും. എയർബസ് വിമാനം ഇന്ന് തന്നെ തിരിച്ചുപോകും.
യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ സാധിച്ചല്ലെങ്കിൽ പൊളിച്ചുകൊണ്ട് പോകാനാണ് നീക്കം. ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീർന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു.
അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്‌നം കണ്ടെത്തി. വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടത്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലാണ് വിമാനം.