എയിംസ് വിവാദം; തർക്കങ്ങൾ കാരണം കേരളത്തിന് എയിംസ് നഷ്ടമാകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി

കൊച്ചി: വിവാദങ്ങളിലും തര്‍ക്കങ്ങളിലും തട്ടി എയിംസ് കേരളത്തിന് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണ്. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ ആവശ്യത്തോട് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന ഉറപ്പാണ് ഏതാനും നാളുകള്‍ക്ക് മുമ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയത്.
പദ്ധതി കേന്ദ്ര ധനവകുപ്പിന്‍റെ പരിഗണനയിലുണ്ടെന്നാണ് അവസാനം അറിയിച്ചതെന്നും രാഷ്ട്രീയ തീരുമാനം മാത്രമാണ് ഇനി ഉണ്ടാകേണ്ടതെന്നും വീണ കൊച്ചിയില്‍ പറഞ്ഞു. അതേസമയം, ബിജെപിയിലെ തർക്കങ്ങൾ കേരളത്തിന് എയിംസ് നഷ്ടപ്പെടുത്തുന്നു എന്ന വിമർശനത്തോട് പ്രതികരിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയ്യാറായില്ല.
എയിംസ് വിഷയത്തില്‍ ബിജെപിയിൽ ഒറ്റപ്പെട്ട് സുരേഷ് ഗോപി
ദില്ലിയിലെ എയിംസ് ആശുപത്രി മാതൃകയില്‍ സംസ്ഥാനത്തും എയിംസ് സ്ഥാപിക്കണമെന്ന കേരളത്തിന്‍റെ ഏറെകാലമായുള്ള ആവശ്യവും ഇതിന് തുടര്‍ച്ചയായി കോഴിക്കോട് കിനാലൂരില്‍ ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ മുന്നോട്ട് പോവുകയും ചെയ്ത ഘട്ടത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന് നിലപാടുമായി മുന്നോട്ട് വന്നത്. സുരേഷ് ഗോപിയുടെ ഏകപക്ഷീയമായി നിലപാടില്‍ ബിജെപിയില്‍ തന്നെ എതിര്‍ അഭിപ്രായമാണ് ഉയര്‍ന്നത്.
സുരേഷ് ഗോപിയുടെ നിലപാടിനെ സംസ്ഥാന ബിജെപി നേതൃത്വം പരസ്യമായി തന്നെ ചോദ്യം ചെയ്തു. ഈ വിഷയത്തില്‍ സുരേഷ് ഗോപി പറയുന്നത് വ്യക്തിപരമായ അഭിപ്രായമെന്നും പാര്‍ട്ടി നിലപാടല്ലെന്നുമാണ് വി മുരളീധരന്‍ ഇന്നലെ പ്രതികരിച്ചത്. എയിംസ് സ്ഥാപിക്കേണ്ടത് ആലപ്പുഴയില്‍ തന്നെയെന്ന് കടുംപിടുത്തം തുടരുന്നതിന്‍റെ കാരണം സുരേഷ് ഗോപി തന്നെ വിശീദകരിക്കണമെന്നാണ് ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. എയിംസ് വിഷയത്തില്‍ ബിജെപിയില്‍ തമ്മിലടി നടക്കുന്നതായി എം വി ഗോവിന്ദന്‍ പ്രതികരിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ നിലപാടിനെ പിന്തുണച്ച് കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു.