അഹമ്മദാബാദ് വിമാന ദുരന്തം; കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറിപ്പോയി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തിന് നല്‍കിയ മൃതദേഹങ്ങള്‍ മാറിപ്പോയെന്ന് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ മാറിയതിനാല്‍ സംസ്കാരചടങ്ങുകള്‍ കുടുംബം മാറ്റിവെച്ചതായി ഡെയ്‌ലിമെയിൽ റിപ്പോർട്ട് ചെയ്യുന്നു.ഒരു ശവപ്പെട്ടിയില്‍ രണ്ടുപേരുടെ മൃതദേഹാവശിഷ്ടങ്ങളുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
മൃതദേഹങ്ങള്‍ മാറിപ്പോയ സംഭവം മരിച്ച കുടുംബങ്ങളെ നിരാശരാക്കിയെന്നും അവര്‍ ഏറെ ദുഃഖിതരാണെന്നും കുടുംബങ്ങളെ പ്രതിനിധീകരിച്ചുള്ള അഭിഭാഷകൻ ജെയിംസ് ഹീലി-പ്രാറ്റ് പറഞ്ഞു. അവര്‍ക്ക് ആദ്യം വേണ്ടത് അവരുടെ പ്രിയപ്പെട്ടവരുടെ ഭൗതിക ദേഹങ്ങള്‍ തിരികെ കൊണ്ടുവരിക എന്നതാണ്.ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്കായി മരിച്ചവരുടെ കുടുംബങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലണ്ടൻ സന്ദർശവേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മോദിയുടെ ലണ്ടൻ സന്ദർശനത്തിന് മുമ്പ് കുടുംബങ്ങൾ അവരുടെ എംപിമാരുമായും എഫ്‌സിഡിഒയുമായും പ്രധാനമന്ത്രിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും ഓഫീസുകളുമായും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്.
അതേസമയം,അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമായ ജോലിയായിരുന്നുവെന്നാണ് ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റി പറയുന്നത്. ചില മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞതിനാൽ ഡിഎന്‍എ വേർതിരിക്കാനും അത് തിരിച്ചറിയാനും ഏറെ ബുദ്ധിമുട്ടുകയും കൂടുതല്‍ സമയമെടുക്കുകയും ചെയ്തുവെന്ന് ബന്ധപ്പെട്ട അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘കത്തിക്കരിഞ്ഞ ചില മൃതദേഹങ്ങളിൽ അസ്ഥികളുണ്ടായിരുന്നില്ല. ചാരത്തിൽ നിന്ന് അസ്ഥി സാമ്പിളുകൾ കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ചില സന്ദർഭങ്ങളിൽ, ശരീരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കത്തിപ്പോയിരുന്നു. അതിനാൽ, മൂന്നോ നാലോ തവണയെങ്കിലും ഡിഎന്‍എ പരിശോധന നടത്തേണ്ടി വരുമെന്ന്’ എൻഎഫ്‌എസ്‌യു ഗാന്ധിനഗർ കാമ്പസ് ഡയറക്ടർ ഡോ. എസ്‌ഒ ജുനാരെയെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ജൂൺ 12 നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്കുള്ള യാത്രാമധ്യേ എയർ ഇന്ത്യ വിമാനം എഐ 171 തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 241 പേരും വിമാനം തകര്‍ന്നുവീണ കെട്ടിടത്തിലെ 19 പേരും അപകടത്തില്‍ കൊല്ലപ്പെട്ടു. മരിച്ചവരിൽ 52 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്.