ജ്യോതിഷിയെ കണ്ടശേഷം വീട്ടുകാർ ഞങ്ങളെ അകറ്റി, മേഘ ആത്മഹത്യ ചെയ്തത് സമ്മർദം മൂലം’: മുൻകൂർ ജാമ്യം തേടി

കൊച്ചി ∙ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി സഹപ്രവർത്തകന്റെ മുൻകൂർ ജാമ്യഹർജി. ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തിന് സഹപ്രവർത്തകനായ സുകാന്ത് സുരേഷാണ് ഉത്തരവാദിയെന്ന് കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് ഒളിവില്‍ പോയ സുകാന്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

ഐബി ഉദ്യോഗസ്ഥയായ 23കാരിയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹർജിയിൽ പറയുന്നു. മറിച്ച് വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ഹർജിയിൽ പറയുന്നു. യുവതി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തെന്നുംഹർജിയിൽ പറയുന്നു. എന്നാൽ ജ്യോതിഷിയുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടാനായിരുന്നു യുവതിയുടെ വീട്ടുകാരുടെ തീരുമാനം.

ജ്യോതിഷിയെ കണ്ടതിനു ശേഷം എന്താണ് പറഞ്ഞത് എന്നതുൾപ്പെടെ ഒരു കാര്യവും പറയാൻ യുവതിയുടെ വീട്ടുകാർ തയാറായില്ല. മാത്രമല്ല, താനുമായി ഏതെങ്കിലും വിധത്തിൽ ബന്ധം പുലർത്തുന്നതിനെ രൂക്ഷമായി എതിർത്തു.യുവതിയുടെ മരണവുമായി താൻ യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും മറിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് ജീവിത പങ്കാളി നഷ്ടപ്പെട്ട ആളാണ് താനെന്നും സുകാന്ത് പറയുന്നു. തന്നെ ഇപ്പോൾ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും യുവതിയുടെ വീട്ടുകാർ അതിന് ശ്രമിക്കുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് സുകാന്തിന്റെ ആവശ്യം. യുവതിയിൽ നിന്ന് ഇയാൾ പലവട്ടമായി പണം വാങ്ങിയെന്നും ശമ്പളം ഉൾപ്പെടെ ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിനു പുറമെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും ആരോപിച്ചാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *