ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്നിറങ്ങിയപ്പോൾ കണ്ട കടയിൽ നിന്ന് ടിക്കറ്റ് എടുത്തു, അടിച്ചത് 10 കോടി

തിരുവനന്തപുരം: ഭാഗ്യം എങ്ങനെ, എപ്പോൾ ഏതു വഴി വരുമെന്ന് പറയാനാവില്ല.ഇത്തവണ ത്തെ കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബംപർ 10 കോടി രൂപ സമ്മാനം നേടിയ മലപ്പുറം പരപ്പനങ്ങാടി നെടുവ സ്വദേശി എൻ,വി. പത്മനാഭന് പറയാനുള്ളതും അത്തരമൊരു കഥയാണ്. പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് പത്മനാഭൻ ടിക്കറ്റ് എടുത്തത്.
കോയമ്പത്തൂർ പോയി തിരികെ വരുന്ന വഴി പാലക്കാട് ഇറങ്ങി. അവിടുത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ കണ്ട കടയിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. താനെടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് ഞായറാഴ്ചയാണ് പത്മനാഭൻ അറിഞ്ഞത്. തുടർന്ന് ഇന്ന് പരപ്പനങ്ങാടി എസ്.ബി.ഐയിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.
പാലക്കാട് ജില്ലയിലെ ഏജന്റായ എസ്. മധുസൂദനൻ വിറ്റ SB 517026 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ നേടിയ SE 660573 എന്ന ടിക്കറ്റ് വിറ്റതും പാലക്കാട് ആയിരുന്നു. പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ശ്രീ മൂകാംബിക ലക്കി സെന്റർ വഴി കെ.എസ്.ആർ,ടി.സിക്ക് സമീപത്തെ ലോട്ടറി കടയിലെത്തിയ ടിക്കറ്റിനായിരുന്നു സമ്മാനം.



