അഫാൻ ഡോക്‌ടർമാരോട് സംസാരിച്ചു; ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് ഓർക്കുന്നില്ലെന്ന് പ്രതി

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ വെന്റിലേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റി. ഡോക്ടർമാരോട് സംസാരിക്കുന്നുണ്ടെങ്കിലും ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ദിവസത്തെയും അതിനുമുമ്പുള്ള ചില ദിവസങ്ങളിലെയും കാര്യങ്ങൾ ഓർക്കാൻ സാധിക്കുന്നില്ലെന്നാണ് അഫാൻ പറയുന്നത്.

ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ ഇയാളെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ ഡോക്ടർമാർ നിർദേശിക്കും. അഫാന്റെ തലച്ചോറിനും ആന്തരികാവയവങ്ങൾക്കും വലിയ പരിക്കുകളില്ലെന്നാണ് വിവരം.സഹോദരനെയും പെൺസുഹൃത്തിനെയുമടക്കം അഞ്ചുപേരെ കൂട്ടക്കൊലചെയ്ത കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു അഫാൻ. മേയ് 25ന് രാവിലെ പതിനൊന്നോടെ ജയിലിൽവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശുചിമുറിയിൽ മുണ്ടുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.അതീവസുരക്ഷയുള്ള യുടി ബ്ലോക്കിലെ സെല്ലിലായിരുന്നു പാർപ്പിച്ചിരുന്നത്.

ടി വി കാണാനായി പുറത്തിറക്കിയപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി. നിമിഷനേരം കൊണ്ട് ശുചിമുറിയുടെ മേൽക്കൂരയിൽ തൂങ്ങുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വാർഡൻ ഇത് കണ്ടു. കഴുത്തിൽ കൃത്യമായി കുരുക്കു മുറുകിയതിനാൽ ബോധം നശിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.അഫാൻ രക്ഷപ്പെടാൻ സാദ്ധ്യത വളരെ കുറവാണെന്നും രക്ഷപ്പെട്ടാൽത്തന്നെ ജീവിതകാലം മുഴുവൻ കിടക്കേണ്ടിവരുമെന്നുമൊക്കെ അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഫെബ്രുവരി 24നായിരുന്നു അഫാൻ കൂട്ടക്കൊലപാതകം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *