നടി വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച് നടൻ ഷൈൻ ടോം ചാക്കോ

കൊച്ചി: ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടി വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച് നടൻ ഷൈൻ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഷൈൻ മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ ആരോപണം. ഇതു സംബന്ധിച്ച് നടി ഫിലിം ചേംബറിനും അമ്മക്കും സിനിമയിലെ ആഭ്യന്തര കമ്മിറ്റിക്കും പരാതി നൽകിയിരുന്നു.
വിവാദങ്ങൾക്കു ശേഷം ആദ്യമായാണ് ഷൈനും വിൻസിയും ഒരുമിച്ച് വേദി പങ്കിടുന്നത്. മനപൂർവമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഷൈനിന്റെ തുറന്നുപറച്ചിൽ. ഓരോ കാര്യവും ഓരോ ആളുകളും വ്യത്യസ്ത രീതിയിലാണ് എടുക്കുന്നത്. അതൊന്നും എനിക്ക് മനസിലായിരുന്നില്ല. ഏതെങ്കിലും തരത്തിൽ എന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഷൈൻ പറഞ്ഞു.
”’സിനിമയില്‍ മാത്രമല്ല, ആളുകളെ എന്റർടൈൻ ചെയ്യാനായി ഫണ്‍ തീരിയിലുള്ള സംസാരങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് പലപ്പോഴും അറിയാറില്ല. എല്ലാവരും ഒരേ പോലെയല്ല കാണുന്നതും മനസിലാക്കുന്നതും. അതിലുള്ള വ്യത്യസ്തത ഒരു കാര്യങ്ങള്‍ കേള്‍ക്കുമ്പോഴും ഉണ്ടാകും. പലപ്പോഴും അത് മനസിലായിട്ടില്ല. അങ്ങനെ എന്തെങ്കിലും ഹേര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു”എന്നാണ് ഷൈൻ പറഞ്ഞത്.
വിവാദം കാരണം ഷൈനിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് വിൻസിയും ക്ഷമ ചോദിച്ചു. ഇനി ഇക്കാര്യത്തെ കുറിച്ച് പറയേണ്ട എന്നു പറഞ്ഞാണ് വിൻസി സംസാരം അവസാനിപ്പിച്ചത്. വ്യക്തിപരമായി പറഞ്ഞുതീർക്കേണ്ട വിഷയമാണിതെന്നും മാധ്യമങ്ങളുടെ മുന്നിൽ വന്നിരുന്ന് പറയേണ്ട കാര്യമല്ലെന്നാണ് തോന്നുന്നത്. ഷൈനിനോട് ബഹുമാനം തോന്നുന്നുവെന്നും വിൻസി കൂട്ടിച്ചേർത്തു.
താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിന്റെ കുടുംബത്തെ വേദനിപ്പിച്ചതിൽ ദുഃഖമെന്നും വിൻസി വ്യക്തമാക്കി.
സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ലഹരിയുപയോഗിച്ച ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് കാണിച്ചാണ് വിൻസി ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര കമ്മിറ്റിക്കും പരാതി നൽകിയത്. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നത്. നടൻ ലഹരി ഉപയോഗിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. ആദ്യം നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്നും വിൻസി പ്രഖ്യാപിച്ചിരുന്നു.