എംഎൽഎയാകാൻ നടൻ ആസിഫലി? സർപ്രൈസ് സ്ഥാനാർത്ഥികളെ കളത്തിലിറക്കാൻ മത്സരിച്ച് മുന്നണികൾ

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലും യുഡിഎഫിലും എൻഡിഎയിലും സർപ്രൈസ് സ്ഥാനാർത്ഥികളുടെ വലിയ നിരയുണ്ടാകുമെന്ന് സൂചന. സിനിമാ താരങ്ങളും മുൻ മുഖ്യമന്ത്രിമാരുടെ മക്കളും സ്പോർട്സ് താരങ്ങളും, മുൻ ബ്യൂറോ ക്രാറ്റുകളും വരെ ഇക്കൂട്ടത്തിലുണ്ടാവും. വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുൺകുമാർ, ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ, സിനിമാ താരങ്ങളായ ആസിഫ് അലി, രമേശ് പിഷാരടി, ഉണ്ണിമുകുന്ദൻ, ഫുട്ബോൾ താരങ്ങളായ ഐഎം വിജയൻ, യു ഷറഫലി തുടങ്ങിയവർവരെ സാദ്ധ്യതാ പട്ടികയിലുണ്ട്.
അരുൺകുമാർ കായംകുളത്ത് മത്സരിക്കുമെന്നാണ് കേൾക്കുന്നത്. അങ്ങനെയെങ്കിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകറിനെ അവിടെ ഇറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മുൻ മന്ത്രി തച്ചടി പ്രഭാകരന്റെ മകനാണ് ബിജു പ്രഭാകർ. ആ മേൽവിലാസവും ഗുണകരമാകുമെന്നാണ് യുഡി എഫ് കണക്കുകൂട്ടുന്നത്. എന്നാൽ ബിജു ഇതുവരെ മത്സരിക്കാൻ സമ്മതം മൂളിയിട്ടില്ല.
സിവിൽ സർവീസിൽ നിന്ന് രാജിവച്ച കണ്ണൻ ഗോപിനാഥനും യുഡിഎഫ് സാദ്ധ്യതാപട്ടികയിൽ ഇടം നേടിയിട്ടുണ്ട്.തൃപ്പൂണിത്തുറയിൽ കെ ബാബു ഇനി മത്സരിക്കാൻ സാദ്ധ്യതയില്ലെന്നാണ് കേൾക്കുന്നത്. ഇക്കാര്യം കെ ബാബുതന്നെ പാർട്ടി നേതൃത്വത്തോട് സൂചിപ്പിച്ചുവത്രേ. അങ്ങനെയെങ്കിൽ അവിടെ രമേശ് പിഷാരടിയെ മത്സരിപ്പിക്കാനാണ് യുഡിഎഫ് നീക്കം. ഏറെനാളായി കോൺഗ്രസുമായി അടുത്തബന്ധമുള്ളയായാണ് പിഷാരടി.
യുഡിഎഫിന്റെ ഉറച്ച സീറ്റുകളിൽ ഒന്നിലാകും അച്ചു ഉമ്മനെ മത്സരിപ്പിക്കുക.ഉണ്ണിമുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായേക്കും എന്നാണ് ചില പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. എന്നാൽ അദ്ദേഹത്തെ എവിടെ മത്സരിപ്പിക്കുമെന്നകാര്യം വ്യക്തമല്ല. വിജയസാദ്ധ്യതയുള്ള ഒരു മണ്ഡലത്തിലാവും ഉണ്ണിമുകുന്ദനെ പരിഗണിക്കുക എന്ന് അറിയുന്നുണ്ട്. വിജയസാദ്ധ്യതയുള്ള മറ്റൊരു മണ്ഡലത്തിൽ ഇപ്പോഴത്തെ രാജ്യസഭാംഗം പിടി ഉഷയെ നിറുത്താനും ബിജെപി ആലോചിക്കുന്നുണ്ട്.
ആസിഫലിയെ താെഴുപുഴയിൽ ഇറക്കാനാണ് സിപിഎം നീക്കം. എന്നാൽ സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന കാര്യത്തിൽ ആസിഫലി ഇതുവരെ മനസുതുറന്നിട്ടില്ല. വണ്ടൂരിൽ എപി അനിൽകുമാറിനെതിരെ ഐഎം വിജയനെ ഇറക്കി മണ്ഡലം പിടിക്കാനുള്ള ശ്രമവും സിപിഎം തുടങ്ങിയിട്ടുണ്ട്. മറ്റൊരു മുൻ ഫുട്ബാേൾ താരമായ യു ഷറഫലിയെ ഏറനാട്ട് എൽഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. പത്തനംതിട്ടയിൽ എവിടെയെങ്കിലും സാഹിത്യകാരൻ ബെന്യാമിനെ മത്സരിപ്പിക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്.
അടുത്തമാസം നിയമസഭാ സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത് ഗുണകരമായി എന്നാണ് അവരുടെ വിലയിരുത്തൽ. ഒട്ടുംവൈകാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് എൽഡിഎഫും എൻഡിഎയും.



