നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് പ്രതി ചെന്താമര

0

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്. പ്രതിയുടെ കുറ്റസമ്മതമൊഴി എടുക്കാൻ വേണ്ടിയാണ് ജ‍ഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു.

ആ ചോദ്യങ്ങൾക്കെല്ലാം കൂസലില്ലാതെ ആയിരുന്നു പ്രതിയുടെ മറുപടി. ‘എനിക്ക് രക്ഷപ്പെടണമെന്നില്ല, ചെയ്തത് തെറ്റ് തന്നെ’ എന്നായിരുന്നു മറുപടി. എന്നാൽ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയാലുള്ള ഭവിഷ്യത്ത് എന്താണെന്ന് അറിയാമോ എന്ന് കോടതി ചെന്താമരയോട് ചോദിച്ചു. നിയമോപദേശം വേണോ, വക്കീലുമായി സംസാരിക്കണോയെന്നും കോടതി ആരാഞ്ഞു. തുടര്‍ന്ന് വക്കീലുമായി സംസാരിച്ചതിന് ശേഷം വീണ്ടും കോടതി ചോദ്യം ആവര്‍ത്തിച്ചു. അപ്പോഴാണ് ചെന്താമരയുടെ നിലപാട് മാറ്റം. കുറ്റസമ്മതമൊഴി നല്‍കാന്‍ തയ്യാറല്ല എന്നാണ് കോടതിയോട് ചെന്താമര അറിയിച്ചത്. അറസ്റ്റിലായ സമയത്തും ചെന്താമര, തന്നെ നൂറ് വര്‍ഷം ശിക്ഷിച്ചോളൂ എന്നായിരുന്നു പ്രതികരിച്ചത്. 

‘ചെന്താമരയ്ക്ക് ശരിയായ നിയോമപദേശം മുന്‍പ് ലഭിച്ചിരുന്നില്ല. കുറ്റസമ്മതം നടത്തിയാല്‍ അതിന്‍റെ ഭവിഷ്യത്ത് എന്താണെന്ന് ഞാന്‍ പറഞ്ഞ് മനസിലാക്കി’യെന്നാണ് അഭിഭാഷകന്‍റെ  പ്രതികരണം. പത്ത് മിനിറ്റ് സമയാണ് ചെന്താമരക്ക് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താന്‍ കോടതി അനുവദിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here