കങ്കാരുക്കളോട് കണക്ക് തീര്‍ത്തു; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

0

ദുബായ്: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി ഇന്ത്യ. ഓസ്‌ട്രേലിയയെ 4 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. 265 റണ്‍സ് വിജയലക്ഷ്യം 48. 1 ഓവറുകളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 84 റണ്‍സ് നേടിയ വിരാട് കൊഹ്ലിയാണ് ടോപ് സ്‌കോറര്‍.ബുധനാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്ക – ന്യൂസിലാന്‍ഡ് രണ്ടാം സെമി ഫൈനലിലെ വിജയികളെയാണ് ഫൈനലില്‍ ഇന്ത്യ നേരിടുക. ഇന്ത്യ യോഗ്യത നേടിയതിനാല്‍ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തന്നെയാകും കിരീടപ്പോര് നടക്കുക.

265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് 8(11) ആണ് ആദ്യം നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 43ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മ്മ 28(29) പുറത്തായി. മൂന്നാം വിക്കറ്റില്‍ വിരാട് കൊഹ്ലി 84(98) – ശ്രേയസ് അയ്യര്‍ 45(62) സഖ്യം 91 റണ്‍സ് കൂട്ടുകെട്ട് അപകടം ഒഴിവാക്കി. അയ്യര്‍ പുറത്തായതിന് പിന്നാലെ എത്തിയ അക്‌സര്‍ പട്ടേല്‍ 27(30) കൊഹ്ലിക്ക് നല്ല പിന്തുണ നല്‍കി. പിന്നീട് വന്ന കെഎല്‍ രാഹുലിനൊപ്പം ടീം സ്‌കോര്‍ 225 വരെ എത്തിച്ച ശേഷം കൊഹ്ലി പുറത്തായി. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് മുന്‍ നായകന്‍ പുറത്തായത്. 24 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടി ആറാമനായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകുമ്പോള്‍ വിജയത്തിലേക്ക് ഇന്ത്യക്ക് വെറും ആറ് റണ്‍സ് മാത്രം മതിയായിരുന്നു.

കെഎല്‍ രാഹുല്‍ , രവീന്ദ്ര ജഡേജ എന്നിവര്‍ പുറത്താകാതെ നിന്നു.നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളുമായി ബാറ്റിംഗില്‍ തിളങ്ങിയ നായകന്‍ സ്റ്റീവന്‍ സ്മിത്ത്, വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി എന്നിവരാണ് അവര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 66 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഓസ്ട്രേലിയയുടെ അവസാന ആറ് വിക്കറ്റുകള്‍ വീണത്.സ്‌കോര്‍ ബോര്‍ഡില്‍ വെറും നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ കൂപ്പര്‍ കോണ്‍ലി 0(9) ഷമിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മറുവശത്ത് തന്റെ പതിവ് താളത്തിലേക്കെത്താന്‍ പാടുപെട്ട ട്രാവിസ് ഹെഡ് പതിയെ താളം കണ്ടെത്തി. വീണ്ടും ഇന്ത്യക്ക് ഇടങ്കയ്യന്‍ തലവേദന സൃഷ്ടിക്കുമെന്ന് തോന്നിയെങ്കിലും 33 പന്തില്‍ 39 റണ്‍സ് നേടിയ താരത്തെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയത് ഇന്ത്യക്ക് വലിയ ആശ്വാസമായി. മാര്‍നസ് ലാബുഷെയ്ന്‍ 29(36) റണ്‍സ് നേടി പുറത്തായി. ജോഷ് ഇംഗ്ലിസ് 11(12) റണ്‍സ് നേടി മടങ്ങി. ഗ്ലെന്‍ മാക്സ്വെല്‍ 7(5) അക്സറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി.

ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച സ്റ്റീവ് സ്മിത്ത് 73(96) ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. 36.3 ഓവറില്‍ 198ന് നാല് എന്ന നിലയില്‍ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഓസീസ് കുതിക്കുമ്പോഴായിരുന്നു നായകന്‍ പുറത്തായത്. പിന്നീട് അലക്സ് ക്യാരി 61(57) നടത്തിയ പ്രകടനം ടീം സ്‌കോര്‍ 250 കടത്തി. ബെന്‍ ഡ്വാര്‍ഷിയസ് 19(29) ആദം സാംപ 7(12), നാഥന്‍ എലീസ് 10(7) തന്‍വീര്‍ സംഗ പുറത്താകാതെ 1*(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here